നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി നാളെ; ദിലീപിന് നിര്‍ണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നാളെ വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 ന് വൈകീട്ട് സിനിമാ ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്നും എറണാകുളത്തു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാടു ചെയ്ത എസ് യു വിയിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ വാഹനം ഓടിച്ച മാര്‍ട്ടിന്‍ കേസില്‍ രണ്ടാം പ്രതിയാണ്.
ആലുവ അത്താണിയില്‍ വെച്ച് മുഖ്യപ്രതി പള്‍സര്‍ സുനി ഓടിച്ച ടെമ്പോ ട്രാവലര്‍ എസ് യു വിയില്‍ ഇടിക്കുകയും, തുടര്‍ന്ന് സുനി വാഹനത്തില്‍ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
കേസിലെ പ്രതികള്‍ ഇവരെല്ലാം
കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ തുടങ്ങിയത്.
The trial court will pronounce its verdict in the actress attack case tomorrow.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

