

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള്‍ വന്നു എന്നതല്ലാതെ ശാരീരിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
ശാരീരിക ഉപദ്രവങ്ങള്‍ പോലുള്ള കെണികളിലേക്ക് ഞാന്‍ വീണില്ല. വിദഗ്ധമായി രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അത്തരത്തില്‍ ഒന്നും സംഭവിക്കാത്തതിനാല്‍ നിയമനടപടിക്ക് പോകേണ്ടെന്ന് മുമ്പേ തന്നെ തീരുമാനിച്ചത്. അതുകൊണ്ടാണ് ആരുടേയും പേരെടുത്ത് പറയാതിരുന്നത്. ആരെയും മോശക്കാരനാക്കുക എന്ന ലക്ഷ്യവും തനിക്കുണ്ടായിരുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
പെണ്‍കുട്ടികള്‍ ഇത്തരം വേട്ടക്കാരെ തിരിച്ചറിയണം. പ്രത്യേകിച്ചും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ. അവരുടെ പ്രശസ്തിയും മറ്റും കണ്ട് സ്ത്രീകൾ കെണിയില്‍ വീണാല്‍, അവര്‍ക്ക് സ്വാധീനമുണ്ടെന്നും അതുപയോഗിച്ച് നമ്മെ ചവറ്റുകുട്ടയില്‍ എറിയുമെന്നും പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് പലകാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
അതില്‍ ഈ പ്രത്യേക വ്യക്തിയെക്കുറിച്ചും പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റു വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയനായ ഈ വ്യക്തിയുമായി അടുപ്പത്തില്‍ നില്‍ക്കുന്ന വ്യക്തികളെക്കുറിച്ചും പല വിവരങ്ങളും തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭയം മൂലം പരാതിയുമായി മുന്നോട്ടു പോകാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. ഇത്തരക്കാരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates