

തിരുവനന്തപുരം: താൻ കാണുന്നതിനും മുന്‍പേ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന് സ്വകാര്യസംഭാഷണം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പകര്‍ന്നു കൊടുത്തോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചത്. എന്നാൽ തനിക്കു മുമ്പേ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിരുന്നു. ആ ചിത്രങ്ങളിൽ മുഖ്യമന്ത്രി പോറ്റിയുടെ ചെവിയിൽ പറഞ്ഞത് ശബരിമല നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ ഇനിയും ക്ഷേത്രങ്ങൾ ഉണ്ട്. ആ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെടേണ്ട കൊള്ളകളെക്കുറിച്ചാണോ മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതെന്ന് ഞങ്ങൾ ആക്ഷേപം ഉന്നയിക്കുകയാണ്. അല്ലെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
കൊള്ളസംഘത്തിന് നേതൃത്വം കൊടുത്ത ആൾക്ക് മുഖ്യമന്ത്രി നിർദേശം കൊടുത്തതാണെന്ന് സംശയിച്ചാൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യോജിക്കാത്ത കാര്യമാണ് പിണറായി പറഞ്ഞത്. കേരളത്തിൽ ഒരുപാട് മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുണ്ട്. എന്നാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പറയുന്ന ലാഘവത്തോടെ മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ അന്തസ്സിന് യോജിക്കുന്നതല്ല. അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയാഗാന്ധിയുടെ അടുത്തെത്തിച്ചുവെന്നാണ് മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചത്.
2019 ൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ ചെന്നപ്പോൾ, ആ മണ്ഡലത്തിലെ നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. യാദൃശ്ചികമായി കാരേറ്റുകാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും വന്നു കണ്ടു. സ്വർണ്ണക്കൊള്ളയെക്കുറിച്ചൊന്നുമല്ല പറഞ്ഞത്. സാമൂഹ്യക്ഷേമ രംഗത്ത് പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് പറഞ്ഞത്. സിപിഎം എംഎൽഎമാരോടൊപ്പമാണ് ആ പരിപാടിയിൽ പങ്കെടുത്തത്. ശബരിമല അന്നദാന ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പോയിരുന്നു എന്നത് സത്യമാണ്. എന്നാൽ കാട്ടുകള്ളനാണ് ഒപ്പമുള്ളതെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ അടുപ്പിക്കില്ലായിരുന്നു എന്നും അടൂർ പ്രകാശ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates