

തൃശൂർ: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൃഗസംരക്ഷണവകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി, രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്.
പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോ. മഞ്ജു, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. അജയ്, ഡോ. അനീഷ് രാജ്, ഡോ. പ്രദീപ്, വെറ്ററിനറി സർജൻമാർ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അറ്റന്റൻ്റ് എന്നിവരടങ്ങുന്നതാണ് ദ്രുത കർമ്മ സേന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates