

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാസര്‍കോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരില്‍ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാല്‍ക്കീഴിലും അടിയറവ് വെക്കാന്‍ പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസ്സില്‍ ഉള്ള സ്‌കൂളുകള്‍ ആണെങ്കിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
