മണ്ണറിഞ്ഞ കൃഷി ശാസ്ത്രജ്ഞന്‍; ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ ഇനി ഓര്‍മ്മ

Agronomist and soil science expert Dr Kodoth Prabhakaran Nair passes away in Kozhikode
ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍
Edited By:
Updated on: 
1 min read

കോഴിക്കോട്: രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ (ഡോ. കെ.പി.പ്രഭാകരന്‍ നായര്‍ - 88) അന്തരിച്ചു. മണ്ണിന്റെ ഫലപുഷ്ടിയെയും സസ്യപോഷണത്തെയും കുറിച്ചുള്ള 'ന്യൂട്രിയന്റ് ബഫര്‍ പവര്‍ കണ്‍സെപ്റ്റ്' എന്ന വിപ്ലവകരമായ ആശയത്തിലൂടെയാണു ശ്രദ്ധേയനായത്. കോയമ്പത്തൂരിലെ കാര്‍ഷിക കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1965-ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. ബെല്‍ജിയത്തിലെ ദ് റോയല്‍ സൊസൈറ്റി നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്റെ അധ്യക്ഷപദവിയിലെത്തിയ ഏക ഏഷ്യന്‍ ശാസ്ത്രജ്ഞനാണ്.

1980കളിലാണ് മണ്ണ് ശാസ്ത്രത്തിലേക്കുള്ള യാത്ര പ്രഭാകരന്‍ ആരംഭിച്ചത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2024 ലെ പട്ടികയില്‍ പ്രഭാകരന്‍ നായര്‍ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായി ഇടംനേടി. ജര്‍മനിയിലെ അലക്‌സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് ഫൗണ്ടേഷന്റെ സീനിയര്‍ ഫെലോ ആയിരുന്ന അദ്ദേഹം വിവിധ സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഇ- ബുക്ക് പുറത്തിറക്കിയതും പ്രഭാകരന്‍ നായരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേല പഠിച്ച ഫോര്‍ട്ട് -ഹാരെ സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് കാര്‍ഷിക വകുപ്പ് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചു. കാര്‍ഷിക ഗവേഷണത്തിനുള്ള റോബര്‍ട്സണ്‍ മെമ്മോറിയല്‍ സ്വര്‍ണമെഡല്‍, സ്വദേശി ശാസ്ത്രപുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ നേടി. മണ്ണ് ശാസ്ത്രത്തിലെ പഠനാനുഭവങ്ങള്‍ വിവരിക്കുന്ന 'ദി ലിവിങ് സോയില്‍' അടക്കം ഇരുപതില്‍പരം കൃതികള്‍ രചിച്ചു.

കാഞ്ഞങ്ങാട് കോടോത്ത് പടിഞ്ഞാറേ വീട്ടിലാണു ജനനം. 6 വര്‍ഷമായി കോഴിക്കോട് മലാപ്പറമ്പ് ഗ്രീന്‍ എര്‍ത്ത് ഫ്‌ലോറിക്കന്‍ ഹില്‍ ജി-3യിലായിരുന്നു താമസം. നെമറ്റോളജിസ്റ്റ് ഡോ.പങ്കജം നായരാണു ഭാര്യ. മക്കള്‍: ഡോ.കണ്ണന്‍ മാവില,ഡോ.ശ്രീദേവി മാവില.

Summary

Agronomist and soil science expert Dr Kodoth Prabhakaran Nair passes away in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER