

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ തല്ലിച്ചതച്ച സംഭവത്തില്‍ എസ്‌ഐടിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ കുറ്റക്കാരാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ 'രക്ഷാപ്രവര്‍ത്തനം' എന്നു പറഞ്ഞ് ന്യായീകരിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗണ്‍മാന്‍ അടക്കമുള്ള അഞ്ചു പൊലീസുകാര്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് എസ്‌ഐടി, ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുകാര്‍ക്കുമെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ഡിജിപിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടായേക്കും.
കുറ്റക്കാരായ അഞ്ചു പൊലീസുകാരെ ചോദ്യം ചെയ്യാനും എസ്‌ഐടി ഉദ്ദേശിക്കുന്നതായാണ് വിവരം. അതേസമയം കേസ് ഡയറി തിരുത്തിയെന്നതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം തുടരുകയാണ്. കേസ് ഡയറി പെന്‍ഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്‌ഐടിക്ക് ലഭിച്ച മൊഴി. കൂടുതല്‍ മൊഴികളും തെളിവുകളും രേഖപ്പെടുത്തിയതിന് ശേഷമാകും എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates