

ആലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല. കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ല. കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്‍ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ് കരുതുന്നത്. ആശുപത്രിയില്‍ വെച്ച് അതിക്രമം ഒന്നും ഉണ്ടായിട്ടില്ല എന്നും എസ്പി മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ നിന്ന് എത്രയും വേഗം സിഡ്ചാര്‍ജ് വാങ്ങി പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം പരിശോധിക്കും. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പിക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കുറഞ്ഞ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ശരിയല്ല. അക്കാര്യം താന്‍ പരിശോധിച്ചതാണ്. പ്രഥമദൃഷ്ട്യാ വീഴ്ചകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എസ്പി പറഞ്ഞു.
ആശുപത്രിയില്‍ ചെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതാണ്. പ്രതിക്കെതിരെ മുന്‍കാല കേസുകളൊന്നും ഇല്ല. ഔട്ട് റേജ് ഓഫ് മോഡസ്റ്റി എന്നതാണ് പരാതി. ഈ ആരോപണത്തില്‍ ശാരീരിക വൈദ്യപരിശോധനയില്‍ തെളിവ് ലഭിച്ചേക്കില്ല എന്നതിനാലാകും മെഡിക്കല്‍ ഒഴിവാക്കിയത്. ഫിസിക്കല്‍ ടച്ചില്‍ ഗൈനക്കോളജിസ്റ്റിനെക്കൊണ്ടുള്ള പരിശോധനയില്‍ തെളിവ് ലഭിക്കണമെന്നില്ല. എന്തായാലും ഇക്കാര്യങ്ങള്‍ അടക്കം പരിശോധിക്കുന്നതാണെന്ന് എസ്പി പറഞ്ഞു.
വ്യാപാരി വ്യവസായി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 ദിവസമായിട്ടും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പ്രതി സിനില്‍ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം അനുവദിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്നും ആക്ഷേപമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates