കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലിലെ ആഫ്റ്റര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന 'ആഫ്റ്റര്‍ പാര്‍ട്ടി' എന്നറിയപ്പെടുന്ന ലഹരിവിരുന്നിലേക്ക് മോഡലുകളെ ക്ഷണിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന. വഴങ്ങാതിരുന്ന മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചിരുന്നതായി പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചിട്ടുണ്ട്.
ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു നല്‍കി ?
ഹോട്ടലിലെ രാസലഹരി പാര്‍ട്ടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണ് യുവതികള്‍ക്കു വിനയായതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. ലഹരി പാര്‍ട്ടിയിലേക്കുള്ള ക്ഷണം മോഡലുകള്‍ നിരസിച്ചതിനു ശേഷം, ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് ആഷിഖിനും അബ്ദുല്‍ റഹ്മാനും കൂടിയ അളവില്‍ മദ്യം നല്‍കിയതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടത്തില്‍ യുവതികള്‍ക്കും ശീതളപാനീയത്തില്‍ അമിത അളവില്‍ ലഹരി ചേര്‍ത്തു നല്‍കിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
സൈജു എന്തിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ?
പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ സൈജുവിനെതിരേ പരാമര്‍ശങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ഏന്തിനാണ് സൈജു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയതെന്നും അന്വേഷിക്കുന്നുണ്ട്. മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് സൈജു. അപകടവിവരം സൈജു ഹോട്ടലുടമ റോയ് വയലാട്ടിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
നമ്പര്‍ 18 ഹോട്ടലില്‍ വിഐപികള്‍ക്കായി ആഫ്റ്റര്‍ പാര്‍ട്ടിയൊരുക്കല്‍ പതിവായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. സിനിമ-രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ അടക്കം ലഹരിവിരുന്നില്‍ പങ്കെടുക്കാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടമരണമായിട്ടും എന്തിനാണ് റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്നും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അന്‍സി കബീറിനെ റോയി അനുമോദിച്ചിരുന്നു
മിസ് കേരള അന്‍സി കബീറിനെ ഹോട്ടലുടമ റോയിക്ക് മുന്‍ പരിചയമുണ്ട്. അന്‍സിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നു. ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അടിക്കടി കൊച്ചിയിലെത്തി
അതിനിടെ, നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ സംഭവദിവസം എത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ശക്തമാക്കി. ഒക്ടോബര്‍ 31ന് കൊച്ചിയില്‍ എന്തിനാണ് ഇദ്ദേഹം എത്തിയതെന്നടക്കം അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെ, അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് വിഭാഗം പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്.
ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷണം
പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നതോടെ, പൊലീസ് മേധാവി ഇടപെട്ടാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയത്. മുഖം നോക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. ഹോട്ടലുടമ റോയ് വയലാട്ടുമായി ഈ പൊലീസ് ഉദ്യോഗസ്ഥനുള്ള ബന്ധം സംബന്ധിച്ച് പൊലീസ് ഉന്നതര്‍ക്ക് വിവരം ലഭിച്ചു. പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടും ഹോട്ടലില്‍ ലഹരി പാര്‍ട്ടികളില്‍ പൊലീസ് കണ്ണടച്ചത് ഉന്നത ഉദ്യോഗസ്ഥന്റെ ഈ ബന്ധം കണക്കിലെടുത്താണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates