

ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.
വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.
ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേര്‍ത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates