

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിനു പിന്നിൽ പാപ്പാൻമാരുടെ ക്രൂര മർദ്ദനമാണ് കാരണമെന്നു ആരോപണം. എന്നാൽ ഹൃദയാഘാതമാണ് ആന ചരിയാൻ കാരണമെന്നാണ് ആനക്കോട്ട അധികൃതർ അറിയിച്ചത്. കൊമ്പന്‍ ഗോകുലിന് മര്‍ദനമേറ്റിരുന്നതായി റിപ്പോര്‍ട്ടുകൾ വന്നതിനു പിന്നാലെ ആനയുടെ രണ്ടും മൂന്നും പാപ്പാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി പത്തിനാണ് ആനയ്ക്ക് കൊടിയ മർദ്ദനമേൽക്കേണ്ടി വന്നത് എന്നാണ് വിവരം.
ആനയുടെ ഒന്നാം പാപ്പാനെ നിലനിര്‍ത്തി മറ്റ് പപ്പാന്മാരെ മാറ്റിയിരുന്നു. പുതിയ പാപ്പാന്മാരും അവര്‍ക്ക് സഹായത്തിനായി എത്തിയ പുറമേ നിന്നുള്ള ചിലരും ചേര്‍ന്നാണ് ആനയെ ഭേദ്യം ചെയ്തതെന്നാണ് ആരോപണം. പാപ്പാന്‍മാര്‍ ആനയുടെ അടുത്തുചെന്ന് മര്‍ദ്ദിക്കുന്നത് കണ്ട ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം ആനക്കോട്ടയിലെ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു.
പിന്നാലെയാണ് രണ്ടാം പാപ്പാന്‍ ജി ഗോകുല്‍, മൂന്നാം പാപ്പാന്‍ കെഎ സത്യന്‍ എന്നിവരെ അഡ്മിനിസ്ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. 26ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗ തീരുമാനപ്രകാരമാണ് അന്വേഷണ വിധേയമായുള്ള സസ്പെൻഷൻ.
ചികിത്സയ്ക്കിടെ പാതിരാത്രിയിൽ ഇരുട്ടിൻ്റെ മറവിൽ പുതിയ പാപ്പാന്മാരും അവർക്ക് സഹായത്തിനായി എത്തിയവരും ചേർന്നു ആനയെ മർദ്ദിക്കുകയായിരുന്നു. അടിയേറ്റു പുളഞ്ഞ ആനയുടെ കരച്ചിൽ കേട്ട് ദേവസ്വം സെക്യൂരിറ്റി ഗാർഡ് വന്ന് നോക്കുമ്പോൾ, ആനയുടെ രണ്ടാം പാപ്പാനെ കാണുന്നു. മറ്റുള്ളവർ ഓടി പോകുന്നതു കണ്ടതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ദേവസ്വം അധികൃതർ ഇവർക്കെതിരെ അന്വേഷണം നടത്തുന്നതിനിടയാണ് ആന ചരിഞ്ഞത്.
ഫെബ്രുവരിയില്‍ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ കൂട്ടാനയുടെ കുത്തേറ്റ ആനയാണ് ഗോകുല്‍. ഗുരുവായൂർ ദേവസ്വത്തിന്റെ തന്നെ പീതാംബരൻ എന്ന ആന ഇടഞ്ഞാണ് ഗോകുലിനെ കുത്തിയത്. പലയാവർത്തി കൂട്ടാനയിൽ നിന്നു കുത്തേൽക്കേണ്ടി വന്ന ആന ഇതിൻ്റെ ചികിത്സയിലിരിക്കെയാണ് പാപ്പാൻമാരെ മാറ്റിയത്. ഒന്നര മാസത്തോളമായി ഗോകുലിനെ പുറത്തേയ്ക്ക് അയയ്ക്കാറില്ല. ഒരാഴ്ചയായി തീറ്റയെടുത്തിരുന്നില്ല.
ഒറ്റക്കൊമ്പനാണ് ഗോകുല്‍. തെങ്ങ് വീണാണ് വലതുകൊമ്പ് മുറിഞ്ഞുപോയത്. ഫൈബര്‍ കൊമ്പ് പിടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോയിരുന്നത്. ആനയോട്ടത്തില്‍ പലതവണ ജേതാവായിരുന്നു.
ചികിത്സയിൽ നിൽക്കുന്ന ആനയ്ക്ക് മർദ്ദനം കൂടി ഏൽക്കേണ്ടി വന്നത് മരണം വേഗത്തിലാക്കിയെന്നാണ് ആരോപണം. കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തണമെന്നു ആനപ്രേമി സംഘം പ്രസിഡന്റ് കെപി ഉദയന്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates