

കൊച്ചി: ആലുവയില് ഉറങ്ങുന്നതിനിടെ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ക്രിസ്റ്റല് രാജ് കൊടുംകുറ്റവാളിയെന്ന് പൊലീസ്. വളരെ ചെറുപ്പത്തില് തന്നെ നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റല് എന്ന് പൊലീസ് പറയുന്നു. പതിനെട്ടാം വയസുമുതല് നിരവധി മോഷണങ്ങളാണ് ഇയാള് നടത്തിയത്. ഇതില് ഏറെയും മൈബൈല് മോഷണമാണെന്ന് പ്രതിയുടെ അമ്മ പറഞ്ഞു. വീട്ടില് മൊബൈല് ഫോണുകളുടെ കൂമ്പാരം തന്നെയുണ്ടെന്ന് അവര് കൂട്ടിച്ചേര്ത്തു.
പകല് മുഴുവന് വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് പ്രതിയുടെ രീതി. പിന്നീട് രാവിലെ വീട്ടില് തിരിച്ചെത്തിയാല് വാതില് അടച്ച് അകത്തുതന്നെ ഇരിക്കും. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല് മകന് ചീത്തവിളിക്കുമെന്നും മാതാവ് പറയുന്നു
ക്രിസ്റ്റല് നേരത്തെയും ലൈംഗിക പീഡനക്കേസില് പ്രതിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായമായ സ്ത്രീയെ പീഡിപ്പിച്ച കേസില് ജയിലില് നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി. അതിനുശേഷം മോഷണം നടത്തിയതിനെ തുടര്ന്ന് വീട്ടില് പൊലീസ് അന്വേഷിച്ച് വന്നതിന് പിന്നാലെ അവിടെ നിന്ന് ഇറങ്ങിപ്പോയതായി അമ്മ പറഞ്ഞു. ഒന്നരവര്ഷം മുന്പാണ് ബന്ധുവിനൊപ്പം ആലുവയില് എത്തിയത്.
വ്യാഴാഴ്ച പുലര്ച്ചെയാണ് ആലുവ ചാത്തന്പുറത്തെ വീട്ടില്നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ക്രിസ്റ്റല് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടില്നിന്ന് മൊബൈല്ഫോണും കവര്ന്നതായി വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല് ഫോണ് ആണ് പ്രതി വീട്ടില്നിന്ന് മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി. സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില് നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്ച്ചെ 2.15-ഓടെ വീട്ടില്ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള് ഒരാള് കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്ക്കാരെ വിവരമറിയിക്കുകയും തിരച്ചില് ആരംഭിക്കുകയുമായിരുന്നു.തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലില് ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെണ്കുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന പെണ്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates