ഒന്നിലേറെ പ്രതികളുണ്ടാകാം എന്ന് സംശയം, എല്ലാ ഏജന്‍സികളും അന്വേഷിച്ചു; വധശിക്ഷ ലഭിച്ച ആദ്യ സിബിഐ കേസ്

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണ് കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകം
aluva murder case
കൊല്ലപ്പെട്ട അ​ഗസ്റ്റിനും കുടുംബവും, ആന്റണി
Updated on
2 min read

കൊച്ചി: സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണ് കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകം. ഒരു വീട്ടിലെ ആറ് അംഗങ്ങളെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയ ആലുവ മാഞ്ഞൂരാന്‍ കൂട്ടക്കൊല കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ആലുവ കൂട്ടക്കൊലയ്ക്ക് നാളെ 25 വയസാകുമ്പോള്‍ നടന്ന സംഭവവും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും നിയമ നടപടികളും ഓര്‍ത്തെടുക്കാം.

2001 ജനുവരി ആറിനാണ് ആലുവ സബ് ജയില്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ കൂട്ടക്കൊലപാതകം നടന്നത്. ആലുവ മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്‌സ് ഉടമ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കള്‍ ജെസ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ ബന്ധുവും ആലുവ നഗരസഭയില്‍ താത്കാലിക ഡ്രൈവറുമായിരുന്ന എംഎ ആന്റണിയായിരുന്നു കേസിലെ ഏക പ്രതി. നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പ്രതി. കൊലപാതകം നടക്കുമ്പോള്‍ തൃക്കാക്കരയില്‍ അധ്യാപികയായിരുന്ന ആന്റണിയുടെ ഭാര്യയും മകനും പിന്നീട് വീടും സ്ഥലവും വിറ്റ് തമിഴ്നാട്ടിലേക്ക് താമസം മാറ്റി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാന്‍ വീട് ഏറെ വര്‍ഷങ്ങളോളം ആളനക്കം ഇല്ലാതെ സബ് ജയില്‍ റോഡിനരികില്‍ നിലനിന്നിരുന്നു. പിന്നീട് ബന്ധുക്കള്‍ വീട് പൊളിച്ചുനീക്കി.

2001 ജനുവരി ആറിന് ആറുപേരെ ഒരാള്‍ തനിച്ച് കൊലപ്പെടുത്തിയിട്ടും പുറംലോകമറിഞ്ഞത് 24 മണിക്കൂറിനുശേഷം മാത്രമാണ്. ആന്റണിക്ക് വിദേശത്തുപോകാന്‍ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിലുള്ള വൈരാഗ്യമാണു കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവദിവസം രാത്രി 9ന് ആന്റണി പണം തേടി മാഞ്ഞൂരാന്‍ വീട്ടിലെത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അഗസ്റ്റിനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള സീനത്ത് തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കുപോയി.

പണം ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും ആന്റണി വെട്ടിക്കൊന്നു. അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ അവരെയും വക വരുത്തുകയായിരുന്നു എന്നാണ് കേസ്. പിറ്റേന്നു പുലര്‍ച്ചെ ആന്റണി മുംബൈയിലേക്ക് കടന്നു. അവിടെനിന്നു ദമാമിലേക്കും പോയി. അന്വേഷണം മുറുകിയപ്പോള്‍ ആന്റണിയുടെ ഭാര്യയെ പൊലീസ് സ്വാധീനിച്ച് ഫെബ്രുവരി 11ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്.

വധശിക്ഷ ലഭിച്ച ആദ്യ സിബിഐ കേസ്

ആലുവ ലോക്കല്‍ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. ആന്റണി ഒറ്റയ്ക്കാണ് ആറു കൊലപാതകങ്ങളും നടത്തിയതെന്നു 2 അന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചു. എന്നാല്‍, ഒന്നിലേറെ പ്രതികളുണ്ടാകാം എന്ന് അഗസ്റ്റിന്റെ ഭാര്യ ബേബിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി കേസ് സിബിഐക്കു വിട്ടു. അവരുടെ അന്വേഷണവും അവസാനിച്ചത് ആന്റണിയില്‍ തന്നെ. 2005 ഫെബ്രുവരി 2ന് അന്നത്തെ സിബിഐ കോടതി ജഡ്ജി ബി കെമാല്‍പാഷ ആന്റണിക്കു വധശിക്ഷ വിധിച്ചു. കേരളത്തില്‍ സിബിഐ അന്വേഷിച്ച കേസുകളില്‍ ആദ്യം വധശിക്ഷ ലഭിച്ച കേസാണിത്.

aluva murder case
ആലുവ കൂട്ടക്കൊലയ്ക്ക് നാളെ 25 വയസ്; വീട് നിന്നിടം ശൂന്യം, ആന്റണിയുടെ കുടുംബം എവിടെ?

സിബിഐ കോടതിയുടെ വിധി 2006 സെപ്റ്റംബര്‍ 18ന് ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്ന് പ്രതിക്ക് നല്‍കിയ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും 2009ല്‍ അംഗീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയും ദയാ ഹര്‍ജി രാഷ്ട്രപതിയും തള്ളി. ഇതോടെ വധശിക്ഷ നടപ്പാക്കാന്‍ സാധ്യത തെളിഞ്ഞു. അതിനിടെ 2014ല്‍ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് ആന്റണിക്ക് വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണമായി. 2018 ഡിസംബര്‍ 11ന് വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. ഏറെക്കൊല്ലം ഏകാന്ത തടവ് അനുഭവിച്ച ആന്റണിക്ക് ഇതോടെ പരോള്‍ ലഭിച്ചു. നിലവില്‍ പരോള്‍ ലഭിച്ച പ്രതി നാട്ടിലുണ്ട്. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരം കാട്ടാക്കടയിലുള്ള തുറന്ന ജയിലില്‍ പ്രതി ഹാജരാകും.

Summary

aluva murder case; Tomorrow marks 25 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com