അതിഥികളെ ഊട്ടിയ സ്നേഹക്കൂടിന് പ്രണാമം; പുതിയ തവള സ്പീഷിസിന് 'അമ്മച്ചി'യുടെ പേരിട്ട് ഡോ.ബിജു

തിരുവനന്തപുരത്തെ എസ്.എഫ്.ഐ സഖാക്കളുടെ അഭയകേന്ദ്രമായിരുന്ന പദ്മിനി വർക്കിയുടെ ഓർമ്മയ്ക്കായി 'അമോലോപ്സ് അമ്മച്ചി'
Amolops Ammachi.
Amolops Ammachi
Edited By:
Updated on
3 min read

തിരുവനന്തപുരം: ഇന്ത്യ കണ്ട പ്രശസ്ത ഉഭയജീവി ഗവേഷകനും 'ഫ്രോഗ്മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡൽഹി സർവകലാശാലാ പ്രൊഫസറുമായ ഡോ. എസ്.ഡി. ബിജുവും സംഘവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ കാസ്കേഡ് തവള സ്പീഷിസിന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടൊരു പേര്. 'അമ്മച്ചി കാസ്കേഡ് തവള' (Amolops ammachi) എന്നാണ് ഈ പുതിയ ജീവിവർഗ്ഗത്തിന് അദ്ദേഹം നാമകരണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകയും പ്രക്ഷോഭകാരിയുമായിരുന്ന അന്തരിച്ച പദ്മിനി വർക്കിയോടുള്ള ആദരസൂചകമായാണ് ബിജു തന്റെ ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലിന് ഈ പേര് നൽകിയത്.

വിപ്ലവ രാഷ്ട്രീയവും സാമൂഹിക സേവനവും ജീവശ്വാസമാക്കിയ പദ്മിനി വർക്കിയുടെ ഓർമ്മകൾക്ക് ശാസ്ത്രലോകത്തിന്റെ ഈ ആദരം വലിയ അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് എഴുത്തുകാരനായ ജി. സാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പദ്മിനി വർക്കിയുടെ മകൻ രാജുവും മറ്റ് സുഹൃത്തുക്കളുമൊത്തുള്ള പഴയകാല ഓർമ്മകളും, മാക്സിം ഗോർക്കിയുടെ 'അമ്മ'യോട് അമ്മച്ചിയെ താരതമ്യപ്പെടുത്തിയുള്ള അനുഭവങ്ങളും പങ്കുവെക്കുന്നതാണ് സാജന്റെ പോസ്റ്റ്.

സാജൻറെ പോസ്റ്റിൻറെ പൂർണ രൂപം:

ഇതാ വരവായി ഒരു അമ്മച്ചി തവള

അമ്മച്ചിയെക്കുറിച്ച് ഞാൻ പല തവണ ഇവിടെ എഴുതിയിട്ടുണ്ട്.

എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവും തിരുവനന്തപുരത്തെ എസ് എഫ് ഐ സഖാക്കൾക്ക് ഒരു അഭയസ്ഥാനമായിരുന്നു അമ്മച്ചി എന്ന പദ്മിനി വർക്കിയുടെ വീട്. അമ്മച്ചിയും വർക്കിച്ചനും ആറ് കുട്ടികളുമുള്ള വലിയൊരു കുടുംബം.

എന്റെയൊക്കെ രാഷ്ട്രീയ പഠനം തുടങ്ങുന്നത് അമ്മച്ചിയെപ്പോലെ ചിലരെ കണ്ടിട്ടാണ്

അവിടെ നിറയെ ഈ കുട്ടികളുടെ സുഹൃത്തുക്കളും മറ്റനേകം സഖാക്കളും എപ്പോഴുമുണ്ടാവും. അവർക്കൊക്കെ ഭക്ഷണവും ഉണ്ടാവും. അമ്മച്ചിയുടെ മൂത്ത മകൻ രാജു കാർഷിക കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു. രാജുവിനൊപ്പം അശോകനും അരുണയും അയിഷയും അജയനും അനിയനുമൊക്കെ ക്രമേണ ഞങ്ങളുടെ കുടുംബാംഗങ്ങൾ ആയി മാറി.

ആ വീട്ടിലെത്തുന്ന സഖാക്കളുടെ കൂട്ടത്തിൽ ഒരാളായിരുന്നു ബിജു. യൂണിവേഴ്സിറ്റി കോളേജിൽ അശോകന്റെ സുഹൃത്തും സഖാവുമായിരുന്നു ബിജു. ബിജു അന്നുതന്നെ ജീവശാസ്ത്ര ഗവേഷണ രംഗത്ത് ഏറെ തത്പരനായിരുന്നു. ബിജു പിന്നീട് കേരളം വിടുകയും ഇന്ത്യയിൽ എന്നല്ല ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സയന്റിസ്റ്റ് ആയി മാറുകയും ചെയ്തു.

നിങ്ങൾക്ക് ബിജുവിനെ അറിയാം.

ഡോ സത്യഭാമാ ദാസ് ബിജു. ഡൽഹി സർവകലാശാലയിൽ പ്രൊഫസറായ ബിജു ഉഭയജീവികളുടെ പഠനവുമായി ബന്ധപ്പെട്ട് Frogman of India എന്നും അറിയപ്പെടാറുണ്ട്.

ഡോ ബിജുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാണ്ട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വേഗത്തിലൊഴുകുന്ന അരുവികളിൽ നിന്ന് മൂന്ന് പുതിയ കാസ്കേഡ് തവള സ്പീഷിസുകളെ (Cascade Frogs) കണ്ടെത്തി. കൂടാതെ, മുൻപ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലാത്ത മറ്റ് അഞ്ച് സ്പീഷിസുകളുടെ സാന്നിധ്യവും ഇവർ ആദ്യമായി സ്ഥിരീകരിച്ചു. ഇന്ത്യയിലും ഏഷ്യയിലുടനീളവുമുള്ള കാസ്കേഡ് തവളകളുടെ വിതരണത്തെയും പരിണാമ വൈവിധ്യവൽക്കരണത്തെയും കുറിച്ച് വെളിച്ചം വീശുന്നതാണ് ഈ പഠനം.

ഇങ്ങനെ കണ്ടെത്തിയ ഒരു തവളയ്ക്ക് ഡോ ബിജു അമ്മച്ചിയോടുള്ള ആദര സൂചകമായി അമ്മച്ചി കാസ്കേഡ് തവള എന്ന് പേരിട്ടിരിക്കുന്നു. ഈ തവളയുടെ ശാസ്ത്രീയ നാമം Amolops ammachi എന്നാണ്.

ത്രിപുരയിലെ ജംപുയി കുന്നുകളിൽ നിന്നാണ് ഈ സ്പീഷിസിനെ കണ്ടെത്തിയത്.

“കേരളത്തിൽ നിന്നുള്ള പ്രശസ്ത സാമൂഹിക പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന അന്തരിച്ച ശ്രീമതി പദ്മിനി വർക്കിയുടെ ഓർമ്മയ്ക്കായാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്. സ്നേഹത്തോടെയും ബഹുമാനത്തോടെയും ആളുകൾ ഇവരെ "അമ്മച്ചി" എന്ന് വിളിച്ചിരുന്നു.” എന്ന് ഡോ ബിജു രേഖപ്പെടുത്തുന്നു.

ഏകദേശം 80 മില്ലീമീറ്റർ നീളമുള്ള ഈ ഇടത്തരം തവളയ്ക്ക് ഇളം തവിട്ടുനിറത്തിലുള്ള ശരീരവും അതിൽ മനോഹരമായ ഒലിവ് പച്ച നിറത്തിലുള്ള പാറ്റേണുകളുമുണ്ട്.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് മലയോര സംസ്ഥാനങ്ങളിൽ 15-ലധികം വർഷങ്ങളായി നടത്തിയ വിപുലമായ പര്യവേക്ഷണങ്ങളാണ് ഈ പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഹാർവാർഡ് സർവകലാശാലയുടെ മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജി 1863 മുതൽ പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ബുള്ളറ്റിൻ ഓഫ് മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജിയിലാണ് (Bulletin of Museum of Comparative Zoology) ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

"ഇന്ത്യയിലെ കാസ്കേഡ് തവളകളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായുള്ള 15 വർഷത്തിലേറെ നീണ്ട അധ്വാനത്തിന്റെ ഫലമാണ് ഈ ഗവേഷണം. വർഗീകരണപരമായി (taxonomically) ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ഗ്രൂപ്പാണിത്. നിലവിലുണ്ടായിരുന്ന പല ആശയക്കുഴപ്പങ്ങളും പരിഹരിക്കാൻ ഈ പഠനത്തിലൂടെ സാധിച്ചു. ഇത് ഇനങ്ങളുടെ കൃത്യമായ തിരിച്ചറിയലിനും സംരക്ഷണത്തിനും സഹായിക്കും. ഇന്ത്യയിലെ പല ജന്തുവർഗ്ഗങ്ങളെക്കുറിച്ചും ഇപ്പോഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട രണ്ട് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഭാഗമായ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്താത്ത ജൈവവൈവിധ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും ഈ പഠനം വീണ്ടും അടിവരയിടുന്നു," പഠനത്തിന്റെ പ്രധാന കർത്താവായ പ്രൊഫസർ എസ്. ഡി. ബിജു പറഞ്ഞു.

കാടുകളിലെ അരുവികളിലും പാറക്കെട്ടുകളുള്ള വെള്ളച്ചാട്ടങ്ങളിലും (കാസ്കേഡുകൾ) ജീവിക്കുന്നതിനാലാണ് ഇവയ്ക്ക് 'കാസ്കേഡ് തവളകൾ' എന്ന പേര് ലഭിച്ചത്.

ജീവിതത്തിലെ നിർണായകമായ സമയങ്ങളിൽ മനുഷ്യർ അവരുടെ കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമല്ലോ.

സ്വാഭാവികമായും അത്തരത്തിലുള്ള ഒരു തിരിഞ്ഞുനോട്ടമാകും ബിജുവിനെ അമ്മച്ചി എന്ന പദ്മിനി വർക്കിയിലേക്ക് തിരിച്ചെത്തിച്ചിരിക്കുക.

അമ്മച്ചിയെ ചിലർ മാക്സിം ഗോർക്കിയുടെ അമ്മയുമായൊക്കെ താരതമ്യം ചെയ്യുമായിരുന്നു.

ഒരു കുടുംബത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ഒരു ബോധവുമില്ലാതെ ഞങ്ങൾ കുറേ ചെറുപ്പക്കാർ ഈ വീടിന്റെ അടുക്കളയിൽ എപ്പോൾ വേണമെങ്കിലും കയറി അവിടെയുള്ള ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കും. ആ അടുക്കളയിൽ എപ്പോഴും ചോറും മീൻ കറിയുമുണ്ടാവും. ഇങ്ങനെ ഇത്രയേറെപ്പേരെ തീറ്റിപ്പോറ്റാൻ അമ്മച്ചിക്ക് എങ്ങനെയാണ് കഴിഞ്ഞത്? ഒരു ദിവസം എത്രപേർ ആ വീട്ടിൽ വരുമെന്നോ എത്ര പേർക്ക് ഭക്ഷണം തയ്യാറാക്കണം എന്നോ അമ്മച്ചി എങ്ങനെയാണ് തീരുമാനിച്ചത്? വർക്കിച്ചനും അമ്മച്ചിയും ഒരിക്കലും ഇതേക്കുറിച്ചു പരാതി പറയുകയോ പരിഭവിക്കുകയോ ചെയ്തതായി ഞങ്ങൾക്ക് ഓർമയില്ല.

എന്നാൽ ഞങ്ങളിൽ പലരെയും ആദർശാത്മകമായ ഒരു രാഷ്ട്രീയത്തെക്കുറിച്ചും സമത്വം, നീതി എന്നീ സങ്കല്പങ്ങളെക്കുറിച്ചും പഠിപ്പിച്ചത് എന്നും രാവിലെ ഭക്ഷണമുണ്ടാക്കി വച്ചതിന് ശേഷം അന്നത്തെ രാഷ്ട്രീയ സമ്മേളനത്തിന് പോകുന്ന, കൊടിയുമേന്തി ജാഥകളിൽ നടക്കുന്ന അമ്മച്ചിയെപ്പോലെ ചിലരാണ്. ആ മൂല്യബോധം ഇപ്പോഴും ഞങ്ങളെ ജാഗ്രത്താക്കുന്നുണ്ട്

ഇപ്പോൾ ഡോ ബിജു തന്റെ പ്രധാന ഗവേഷണത്തിൽ അമ്മച്ചിയുടെ പേര് ചേർക്കുമ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നുന്നു.

അമ്മച്ചിയെക്കുറിച്ചും ബിജുവിനെക്കുറിച്ചും.

Summary

Renowned amphibian researcher Dr. S.D. Biju, widely known as the 'Frogman of India', has named a newly discovered cascade frog species Amolops ammachi as a tribute to the late Padmini Varkey, affectionately called 'Ammachi'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com