

കണ്ണൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി കേരളത്തിലെ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. രണ്ട് ക്ഷേത്രങ്ങള്‍ക്കും മൂന്ന് കോടി വീതം സംഭാവന നല്‍കുകയും രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികപിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ അനന്ത് അംബാനി എത്തിയത്. പൊന്നും കുടം, പട്ട് ,താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകള്‍ സമര്‍പ്പിക്കുകയും അശ്വമേധ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി 3കോടി രൂപയുടെ ചെക്കും കൈമാറി. 12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ശില്പശൈലിയും പൗരാണിക പ്രാധാന്യവും നിറഞ്ഞ കിഴക്കന്‍ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഭക്തര്‍ക്കുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഈ തുകയില്‍ നിന്ന് ഒരു ഭാഗം പാര്‍ക്കിങ് സൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കും.
അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി പി വിനോദ്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ പി വിനയന്‍, മുഖ്യതന്ത്രി ഇപി കുബേരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേദിവസം വൈകുന്നേരം 5മണിയോടെയാണ് അനന്ത് അംബാനി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രട്രസ്റ്റിന് മൂന്ന് കോടി സംഭാവനയായി നല്‍കുകയും ചെയ്തു. വന്‍താര മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധപദ്ധതികള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ പ്രത്യേക ആനയാശുപത്രി നിര്‍മാണം ,ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കൂടാതെ ആനകള്‍ക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
ഗുരുവായൂരില്‍, ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നല്‍കി ആദരിച്ചു. ദേവസ്വം വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates