കൊച്ചി : കടുത്ത ജീവിത പ്രതിസന്ധികളെ തരംണം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ പദവി നേടി സമീപകാലത്ത് ശ്രദ്ധേയയായ ആനി ശിവയെ വൈക്കം എംഎല്‍എ സി കെ ആശ അപമാനിച്ചുവെന്ന് ആരോപണം. ആശയെ കണ്ട് സല്യൂട്ട് അടിക്കാത്തതിന് ആനി ശിവയെ ഓഫീസില്‍ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചെന്നാണ് ആക്ഷേപം. ബിജെപി മഹിളാ മോര്‍ച്ച നേതാവ് രേണു സുരേഷ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായത്.
തെരഞ്ഞെടുപ്പിന് മുൻപ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രബേഷൻ എസ്ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ സ്ഥലം MLA CK ആശ തന്റെ വാഹനത്തിൽ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിർത്തുകയും ചെയ്തു. രാത്രിയതുകാരണവും, വൈക്കത്തു ജോയിൻ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും MLAയെ വ്യക്തിപരമായി അറിയാത്തതിനാലും SI ആനി ശിവ സല്യൂട്ട് നൽകിയില്ല.
ഇതേത്തുടർന്ന് MLA അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു. മാത്രമല്ല പ്രോട്ടോകോൾ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നൽകി എന്ന് രേണു സുരേഷ് കുറിപ്പിൽ പറയുന്നു. എത്ര ഹീനമായ മനസ്സാണ് വൈക്കം MLA യുടേത് എന്ന് അദ്‌ഭുതപ്പെട്ടുപോവുകയാണ്. ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ CK ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ... എന്നും രേണു സുരേഷ് അഭിപ്രായപ്പെട്ടു.
ആരോപണത്തിൽ വിശദീകരണവുമായി സി കെ ആശ എംഎൽഎ രംഗത്തെത്തി. ‘നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ഒരുദിവസം രാത്രിയാണ് സംഭവം. എൻസിസി യൂണിഫോമിൽ ഒരാൾ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാർ നിർത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവർ മറുപടി പറഞ്ഞു. എൻസിസി കുട്ടികൾക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോൾ എസ്ഐ ആണെന്നു പറഞ്ഞു. പൊലീസുകാർക്ക് പ്രത്യേക സമയമുണ്ടോയെന്നും അവർ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.
ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നൽകി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ തന്റെ വീട്ടിലെത്തി. എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് ആനി ശിവ പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആയിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് ആനി ശിവ പറഞ്ഞത്. സൗഹൃദത്തിലാണ് അന്നു പിരിഞ്ഞതെന്നും സി കെ ആശ പറയുന്നു. സംഭവം വിവാദമായതോടെ, ‘ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല’ എന്നായിരുന്നു ആനി ശിവ പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates