തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ മൂന്നു വീതവും മറ്റ് പ്രദേശങ്ങളില്‍ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങള്‍ കൂടി സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കും. ഈ സര്‍ക്കാര്‍ സ്ഥാപിച്ച 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാഥമികാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും.
പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates