

ഇടവേളയ്ക്ക് ശേഷം വീണ്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ പെൻഷൻ വീണ്ടും വിവാദമായിരിക്കുന്നു. എന്താണ് പേഴ്സൺ സ്റ്റാഫ് നിയമനവും അവർക്ക് പെൻഷൻ നൽകുന്നതും.ശമ്പളവും ആനുകൂല്യവും പെൻഷനുമൊക്കെ നൽകുന്നതിന് മാനദണ്ഡങ്ങളുണ്ടോ. എന്നിങ്ങനെ നിരവധി സംശയങ്ങൾ ഇത് സംബന്ധിച്ച് ഉയരുകയും ചെയ്യുന്നു. കേരളത്തിൽ പേഴ്സണൽ സ്റ്റാഫ് നിയമനം സംബന്ധിച്ച് നിയമങ്ങളുണ്ടോ എന്ന ചോദ്യവും പലരും ഉന്നയിക്കാറുണ്ട്. കേരളത്തിലെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനും പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകി തുടങ്ങിയതിനും കുറച്ചു കാലത്തെ ചരിത്രമുണ്ട്. ആദ്യ മന്ത്രിസഭ മുതൽ ആരംഭിക്കും പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ ചരിത്രം.
ആദ്യ മന്ത്രിസഭയുടെ കാലത്താണ് മന്ത്രിമാർക്ക് പേഴസ്ണൽ സ്റ്റാഫിനെ നിയമിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്. ഇ എം എസ് മന്ത്രസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് ഇത് സംബന്ധിച്ച സ്പെഷ്യൽ റൂൾസ് ഉണ്ടാക്കുന്നത്. 1959 മാർച്ച് മൂന്നിന് പുറത്തിറങ്ങിയ ജി. ഒ (എംഎസ്) നമ്പര്‍: 343 ആയി സ്‌പെഷ്യല്‍ റൂള്‍ (പബ്ലിക്ക് സര്‍വ്വീസ്- പേഴ്‌സണല്‍ സ്റ്റാഫ് ഓഫ് മിനിസ്റ്റേഴ്‌സ്-കണ്ടീഷന്‍ ഓഫ് സര്‍വ്വീസ് ആന്റ് പേ- സ്‌പെഷ്യല്‍ റൂള്‍സ് എന്ന ഉത്തരവ്) പുറത്തിറങ്ങയിത്. ഇത് പ്രകാരമാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളം നല്‍കാനുള്ള വ്യവസ്ഥ നിലവില്‍ വന്നത് നിലവില്‍ വന്നത്.അതിൽ ഗ്രാജ്വേറ്റ് എന്നും നോൺഗ്രാജ്വേറ്റ് എന്നും രണ്ട് വിഭാഗങ്ങളിലായാണ് ജീവനക്കാരുടെ നിയമനത്തെ കുറിച്ച് പരാമർശിച്ചിരുന്നത്.
ഇത് കഴിഞ്ഞ് വർഷങ്ങളോളം ശമ്പളം മാത്രമായിട്ടായിരന്നു പേഴ്സണൽ സ്റ്റാഫ് മുന്നോട്ട് പോയിരുന്നത്. എന്നാൽ അഞ്ചാം ശമ്പള കമ്മീഷനിലെ ഒരു ശുപാർശയെ അടിസ്ഥാനമാക്കിയാണ് 1987- 1991 ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് സംബന്ധിച്ച ഫയൽ രൂപപ്പെടുന്നത്. എന്നാൽ, ഈ ഫയലിൽ സർക്കാർ തീരുമാനമെടുത്തില്ല. 1991 ൽ സർക്കാർ മാറി യു ഡി എഫി സർക്കാർ അധികാരത്തിൽ വന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ വന്നു. അദ്ദേഹം ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കായി വിട്ടു. 1994 സെപ്തംബര്‍ മാസം 23-ാം തിയതി കെ കരുണാകരന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ജി ഒ (എംഎസ്) നമ്പര്‍. 283/94/ജിഎഡി എന്ന ഉത്തരവ് പ്രകാരമാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നത്.
1982 മുതൽ അതിന് മുൻകാല പ്രാബല്യവും നൽകി. 1982 മുതലുള്ള അഞ്ച് വർഷമായിരുന്നു കെ. കരുണാകരൻ രണ്ടാമത് മുഖ്യമന്ത്രിയായിരുന്നത്. ആ കാലത്ത് പേഴ്സണൽ സ്റ്റാഫായിരുന്നവർക്കും 1987- മുതൽ 1991 വരെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവരും എല്ലാവരും ഇതിൽ ഉൾപ്പെടുമായിരന്നില്ല. കാരണം പെൻഷൻ നൽകുന്നതിന് ആദ്യ ഘട്ടത്തിൽ അഞ്ച് വർഷകാലയളവ് ഉണ്ടായിരുന്നു സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് സ്റ്റാഫിന് പെൻഷൻ നൽകുന്നത് രണ്ട് വർഷമായി മാറുന്നത് അതേ സർക്കാരിന്റെ കാലത്ത് തന്നെ 1994 ലാണ്. ഇത് പ്രകാരം മൂന്ന് വർഷം ( രണ്ട് വർഷത്തിൽ കൂടുതൽകാലം) പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ നൽകാമെന്നും തീരുമാനമായി. ഇതേസമയത്ത് തന്നെയാണ് എം എൽ എ മാരുടെ പെൻഷൻ കാലാവധി രണ്ട് വർഷമാക്കി മാറ്റിയിരുന്നു. ഈ കാലാവധി നാല് വർഷമാക്കണമെന്ന് കെ. മോഹൻദാസ് അധ്യക്ഷനായ കഴിഞ്ഞ ശമ്പള കമ്മീഷൻ പിണറായി വിജൻ സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകൾ ഉണ്ടായിരുന്നത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. 623 പേരാണ് പലഘട്ടങ്ങളിലായി അന്ന് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. അത്രയും പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച കാലം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്ന് സമകാലിക മലയാളത്തിന് ലഭ്യമായ രേഖകൾ കാണിക്കുന്നു. നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ ആദ്യകാലത്ത് ഇതിന് നേരെ പകുതിയായിരുന്നു പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം. ഏകദേശം 352 പേർ. ഇപ്പോഴത് ഉയർന്ന് 557 ആയി.
മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പേഴ്സണൽ സ്റ്റാഫിൽ 30 വരെ പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 36 പേരെ വരെ നിയമിക്കാം. നിലവിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം കൂടി 557 പേഴ്സണൽ സ്റ്റാഫ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ മന്ത്രിമാർക്ക് 21 മുതൽ 25 വരെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചവരുണ്ട്. മുഖ്യമന്ത്രിക്ക് 32 പേരാണ് പേഴ്സണൽ സ്റ്റാഫിലുള്ളത്. പ്രതിപക്ഷനേതാവിന് 25 പേരും ചീഫ് വിപ്പിന് 24 പേരുമുണ്ട്.
ഒരു മന്ത്രിയുടെ ഓഫീസിൽ ഗസറ്റഡ് തസ്തികയിലും , നോണ്‍ ഗസറ്റഡ് തസ്തികയിലും ജോലി ചെയ്യുന്ന വിഭാഗം ഉണ്ട്
പ്രൈവറ്റ് സെക്രട്ടറി , അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പി എ, അഡീഷണൽ പി.എ എന്നിവര്രാണ് ഗസറ്റഡ് തസ്തികയിലുള്ളവർ.
അസിസ്റ്റന്റ് ക്ലാര്‍ക്ക് ,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിവർ നോൺഗസറ്റഡ് റാങ്കിൽ വരുന്ന ജീവനക്കാരായിരിക്കും.
ഓഫീസ് അറ്റന്‍ഡന്റ് , ഡ്രൈവര്‍, കുക്ക് എന്നിവരെയും നിയമിക്കാം.
ഇതിൽ ഓരോ തസ്തികയിലും എണ്ണവും നിശ്ചയിച്ചിട്ടുണ്ട്.
പ്രൈവറ്റ് സെക്രട്ടറി - ഒന്ന്
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി – മൂന്ന്
അസിസന്റ് പ്രൈവറ്റ് സെക്രട്ടറി - നാല്
പി എ – ഒന്ന്
അഡീഷണൽ പി.എ – ഒന്ന്
അസിസ്റ്റന്റ് – ഒന്ന്
ക്ലാര്‍ക്ക് – രണ്ട്
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് – രണ്ട്
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് – രണ്ട്
ഓഫീസ് അസിസ്റ്റന്റ് - ആറ്
ഡ്രൈവർ - രണ്ട്
കുക്ക്- ഒന്ന് എന്നിങ്ങനെയാണ് നിലവിൽ മന്ത്രിമാരുടെ ഓഫീസുകളിലുള്ള നിയമനം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഉൾപ്പെട ചിലപ്പോൾ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്ന തസ്തിക കൂടെയുണ്ടായും.
തസ്തികയനുസരിച്ചാണ് ഓരോരുത്തർക്കും ലഭിക്കുന്ന യാത്രാ ആനുകൂല്യങ്ങൾ. ഉദാഹരണത്തിന് വിമാനടിക്കറ്റ് ആനുകൂല്യം ലഭിക്കുന്നത് പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമായിരിക്കും. അതിന് പ്രധാന കാരണം ഇവർക്ക് പലപ്പോഴും മന്ത്രിമാർക്കൊപ്പം സഞ്ചരിക്കേണ്ടി വരാറുണ്ട് എന്നതാണ്.
കേരളത്തിൽ 2023 മുതൽ ഇതുവരെ പെൻഷൻ അനുവദിച്ച 125 പേരിൽ 51 പേർ മൂന്ന് വർഷത്തിൽ താഴെ സർവീസ് ഉള്ളവരാണ് എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം. എന്നാൽ 2021 ൽ സർക്കാർ അധികാരത്തിലേറിയപ്പോൾ മന്ത്രിമാരായിരന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രണ്ടര വർഷം പൂർത്തിയാക്കിയപ്പോൾ മന്ത്രിസ്ഥാനം രാജിവെക്കുകയും മറ്റ് രണ്ട് പാർട്ടികളിൽ പെട്ട കെ ബി ഗണേശ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുകയും ചെയ്തു. അപ്പോൾ ഇവരുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവരാണ് ഈ പറയുന്ന 51 ൽ കൂടുതലും. വിരലിലെണ്ണാവുന്നവർ മാത്രമാണ് മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ഓഫീസുകളിൽ നിന്നും മാറിയിട്ടുള്ളത്. അതിൽ പലതും വ്യക്തിപരമായ കാരണങ്ങളാൽ മാറിയതോ അല്ലെങ്കിൽ മറ്റ് ചുമതലകൾ നിർവഹിക്കാനായി അതത് പാർട്ടികൾ ചുമതലപ്പെടുത്തിയതിന്റെ പേരിൽ മാറിയതോ ആണ്.
പേഴ്സണൽ സ്റ്റാഫിൽ വരുന്ന എല്ലാവർക്കും പെൻഷൻ ലഭിക്കില്ല എന്നതാണ് വസ്തുത. പെൻഷൻ മാത്രമല്ല, ആ സമയത്തെ ശമ്പളവും എല്ലാപേർക്കുംം ലഭിക്കില്ല. പേഴ്സണൽ സ്റ്റാഫിൽ വരുന്നവരിൽ എല്ലാപേരും രാഷ്ട്രീയ നിയമനങ്ങളുമല്ല.
കേരളത്തില്‍ മുഖ്യമന്ത്രിക്കും ,മന്ത്രിമാര്‍ക്കും ,പ്രതിപക്ഷ നേതാവിനും , ചീഫ് വിപ്പിനും ആയി ആകെ വരുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 557 എണ്ണം ആണ് . ഇതില്‍ തന്നെ രാഷ്ട്രീയ നിയമനം 388 പേരാണ്. ഇതിൽ തന്നെ ശമ്പളമോ പെൻഷനോ പേഴ്സണൽ സ്റ്റാഫ് ആനുകൂല്യമായി വാങ്ങാത്തവരുണ്ട്. അതിന് കാരണവുമുണ്ട്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് വരുന്നവരുടെ ശമ്പളം വഹിക്കുന്ന ഏത് വകുപ്പിലാണോ അവർ ജോലി ചെയ്തിരുന്നത് ആ വകുപ്പിൽ അവർക്ക് ലഭിച്ചിരുന്ന തുകയായിരിക്കും ലഭിക്കുക. ഇവിടുത്തെ ജോലിയുടെ പേരിൽ പ്രത്യേക പെൻഷൻ ലഭിക്കുകയും ഇല്ല.
പെന്‍ഷന്‍ അനുകൂല്യം ഉളള മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സ്റ്റാഫിലെത്തിയാല്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ തുക കുറച്ചശേഷം വരുന്ന തുക മാത്രമായിരിക്കും ശമ്പളമായി നൽകുക. ഇത് അവസാനം വാങ്ങിയ ശമ്പളത്തേക്കാൾ കുറവായിരിക്കുകയും ചെയ്യും.
പേഴ്‌സണല്‍ സ്റ്റാഫിൽ ഒരാളെ നിയമിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ്, പത്ത് വര്‍ഷത്തിലധികം സര്‍വ്വീസ് ഉളളവര്‍ക്ക് കെ എസ് ആര്‍ അനുസരിച്ചുളള പെന്‍ഷനും അല്ലാത്തവര്‍ക്ക് മിനിമം പെന്‍ഷനുമാണ് ലഭിക്കുക.
രണ്ട് വര്‍ഷം മാത്രമാണ് ജോലി ചെയ്ത പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പെൻഷനായി ലഭിക്കുക 3380 രൂപ മാത്രമായിരിക്കും. എന്നാൽ മറ്റെന്തെങ്കിലും സർക്കാർ ജോലി ലഭിച്ചാൽ ഈ പെൻഷന് അർഹതയുണ്ടാകില്ല. മറ്റെന്തെങ്കിലും പെൻഷനോ ജോലിയോ ഉള്ള ആളാണെങ്കിലും ഇത് ലഭിക്കില്ല. (പെൻഷൻ കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ രണ്ട് കൊണ്ട് ഹരിക്കും പിന്നെ ജോലി ചെയ്ത വർഷം കൊണ്ട് ഗുണിക്കും ഇതിനെ പിന്നെ 30 ( കെ എസ് ആർ പ്രകാരം ഫുൾ പെൻഷൻ ലഭിക്കാൻ വേണ്ടുന്ന വർഷം ) ഹരിക്കും ഈ തുകയായിരിക്കും അടിസ്ഥാന പെൻഷൻ തുക.
എം പി , എം എൽ എ ആയിരുന്നവർ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് വന്നാല്‍ അവര്‍ക്ക് ഒന്നുകിൽ എം പി, എം എൽ എ പെൻഷൻ വാങ്ങാം. അല്ലെങ്കിൽ അത് റദ്ദാക്കിയ ശേഷം പേഴ്സണൽ സ്റ്റാഫിലെ ശമ്പളം വാങ്ങാം. ഇത് രണ്ടും കൂടെ ലഭിക്കില്ല. ഇവർക്ക് പിന്നീട് പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങിയാൽ എം പി, എം എൽ എ പെൻഷൻ പുനഃസ്ഥാപിക്കാനാകില്ല.
മിനിമം പെൻഷൻ യോഗ്യതാ കാലയളവ് ജോലി ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും 1999 മുതൽ എക്സഗ്രേഷ്യാ പെൻഷൻ നൽകുന്നുണ്ട്. അതായത് ഒരു ദിവസം സർക്കാർ ഓഫീസിൽ സ്ഥിരം നിയമനപ്രകാരം ജോലി ചെയ്താൽ പോലും ഈ അനുകൂല്യം സർക്കാർ ജീവനക്കാർക്ക് കേരളത്തിൽ ലഭിക്കും.
എം എൽ എ മാരുടെ പേഴ്സണൽ സ്റ്റാഫിനെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നാണ് നിയമിക്കുക. ഒരാളെ നിയമിക്കാനാണ് അനുമതി നൽകുക
appointment and pension of personal staff of ministers opposition leader and CM row fact check
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates