

തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇക്കാര്യത്തില്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. ഗുരുതരമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതെന്നും സ്‌പോണസര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും മുഖ്യന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാരിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും സ്‌പോണസറെ കണ്ടെത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെസിയുടെ സന്ദര്‍ശന വിവാദത്തില്‍ കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. 'അത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അന്വേഷണം സര്‍ക്കാരിന്റെ പരിധിയിലാണ്. അര്‍ജന്റീനയുടെ കളിക്കായി സ്‌പോണ്‍സറെ കണ്ടെത്തിയത് ചട്ടവിരുദ്ധമായിട്ടാണ്. താത്പര്യപത്രം ക്ഷണിക്കാതെയാണ് സ്‌പോണ്‍സറെ തീരുമാനിച്ചത്. വിപണി മൂല്യനിര്‍ണയമോ, സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചില്ല. മുന്‍ സര്‍ക്കാര്‍ അതിന്റെ പലകാര്യങ്ങളും അറിഞ്ഞതുപോലുമില്ല. അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടേയുള്ളൂ. അതിന് മുന്‍പേ ഏതോ ഒരു സ്ഥാപനത്തെ പൂട്ടിക്കാന്‍ വേണ്ടി ഇറങ്ങുകയാണെന്നാണ് ചിലര്‍ പറയുന്നത്'.
'സ്‌പോണ്‍സര്‍ ഗുരുതര ക്രമക്കേട് നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അത് കണ്ടെത്തി നോട്ടീസ് നല്‍കിയതാണ്. പക്ഷെ പിന്നീട് ഏഴുമാസത്തോളം അത് മരവിപ്പക്കപ്പെട്ട അവസ്ഥയായിരുന്നു. സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും. അതില്‍ ഉണ്ടായിരിക്കുന്ന അനാസ്ഥയെ കുറിച്ചും അന്വേഷിക്കും. എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കും. ഏത് തരം അന്വേഷണം വേണമെന്ന് അടുത്ത ദിവസം പ്രഖ്യപിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്തായിരുന്നു, സംസ്ഥാനത താത്പര്യം സംരക്ഷിച്ചോ, സ്വകാര്യ കമ്പനി ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ മുതലെടുപ്പ് നടത്തിയോ തുടങ്ങിയതെല്ലാം അന്വേഷണപരിധിയില്‍ വരുമെന്നും' മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates