

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന വലിയ ഒട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ് സമർപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലുമുള്ള നെയ് വിളക്കുകളിലേക്കും വേണ്ടിയുള്ള നെയ് സമര്‍പ്പണമാണിത്. ഗ്രാമബലി വരയുള്ള പതിമൂന്ന് ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയിക്കുക.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, അംഗം അഡ്വ. കെ പി അജയൻ, സെക്രട്ടറി പി ബിന്ദു, ഡെ കമ്മീഷണർ സുനിൽ കർത്താ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ എ കുമാരൻ, തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.
പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.
തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര , തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates