

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ചു നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് അര്‍ജുന്‍ ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് കാര്‍ വരുത്തിക്കുകയായിരുന്നു.
ഈ കാറിലാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. പയ്യന്നൂരില്‍ കൊണ്ടിറക്കിയ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കാറിന്റെ സിസിടിവി പിന്തുടര്‍ന്ന് പൊലീസ് അഭിഭാഷകയുടെ ഫ്‌ലാറ്റിലെത്തി. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ അര്‍ജുന്‍ ആയങ്കി എത്തിയത്.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിക്ക് പൊലീസ് എത്തിയത് അറിഞ്ഞ അര്‍ജുന്‍ ആയങ്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയുടെ അറസ്റ്റ്. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങള്‍ മാത്രമാണെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.
കീഴടങ്ങാന്‍ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലില്‍ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അര്‍ജുന്‍ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates