

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കണ്ഠരര് രാജീവരുടെ അറസ്റ്റ് ചെങ്ങന്നൂരിലെ താഴമണ്‍ കുടുംബത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള പരമ്പരാഗത അവകാശം താഴമണ്‍ കുടുംബത്തിനാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവില്‍ താഴമണ്‍ പരമ്പരയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ്. രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.ഈ രണ്ടു കുടുംബവും ഒരു വര്‍ഷം വീതം താന്ത്രിക പദവിയില്‍ എത്തുകയാണ് ചെയ്യുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ തന്ത്രിയെ അയ്യപ്പന്റെ പ്രതിനിധിയായി ആരാധിക്കുകയും പൂജകള്‍ക്കും ബിസിനസ് അഭിവൃദ്ധിക്കും വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹവും ഉപദേശവും തേടുകയും ചെയ്യുന്നു. ബംഗളൂരുവിലെ ജലഹള്ളിയിലെ അയ്യപ്പ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ പ്രധാന പുരോഹിതനായി കണ്ഠരര് രാജീവര് സേവനമനുഷ്ഠിക്കുന്നുണ്ട്. എല്ലാ വര്‍ഷവും രാജീവര് ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു.
വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ആന്ധ്രയില്‍ നിന്നുള്ള ബ്രാഹ്മണരാണ് തങ്ങള്‍ എന്നാണ് താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം. 1902ല്‍ ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായ ആദ്യത്തെ തീപിടുത്തത്തിന് ശേഷം തന്ത്രിയുടെ പാരമ്പര്യ അവകാശം താഴമണ്‍ കുടുംബത്തിന് നല്‍കിയതായി ചരിത്രകാരന്മാര്‍ പറയുന്നു. അതിനു മുന്‍പ് പുതുമന കുടുംബവും കുഴിക്കാട്ടില്ലവുമാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. 1951ല്‍ രണ്ടാം തീപിടിത്തത്തിന് ശേഷം ശബരിമലയില്‍ നിലവിലുള്ള പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠരരു ശങ്കരരാണ്. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ പരമേശ്വരരുവാണ് ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അടുത്ത തലമുറയില്‍ കണ്ഠരരു നീലകണ്ഠരരു, മഹേശ്വരരു, കൃഷ്ണരരു എന്നിവര്‍ തന്ത്രി സ്ഥാനത്തേയ്ക്ക് വന്നു.
2006ല്‍ ബ്ലാക്ക് മെയിലിങ് കേസില്‍ കണ്ഠരരു മോഹനരു ഇരയാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം താഴമണ്‍ കുടുംബത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. ഒരു വേലക്കാരനെ അന്വേഷിച്ചുകൊണ്ടിരുന്ന തന്ത്രിയെ കബളിപ്പിച്ച് ശോഭ ജോണിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി, ബലംപ്രയോഗിച്ച് ഒരു സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് വലിയൊരു തുക ആവശ്യപ്പെട്ടു എന്നതാണ് ബ്ലാക്ക് മെയിലിങ് കേസ്. 2012ല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചു. പിന്നീട് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ മോഹനരുവിന് പൂജകള്‍ നടത്താനുള്ള അടിസ്ഥാന സംസ്‌കൃത പരിജ്ഞാനമില്ലെന്ന് കണ്ടെത്തി. തര്‍ക്കത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തിന്റെ താന്ത്രികാവകാശം റദ്ദാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates