കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളിൽ ഒരാളായ യുവാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്. വൈകീട്ട് 5.30ഓടെ പൊലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് കൂടെയാണ് ഫെബിൻ റാഫി ഇറങ്ങിയോടിയത്. കോടതിയിൽ ഹാജരാക്കുന്നതിനായി സെല്ലിന് പുറത്ത് നിർത്തിയ സമയത്താണ് ഇയാൾ ഇറങ്ങിയോടിയത്.
പരിസര പ്രദേശങ്ങളിലും നഗരത്തിലുമായി പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിൻ റാഫിക്കൊപ്പം കൊല്ലം സ്വദേശി ടോം തോമസ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പൊക്‌സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് എടുത്തിരിക്കുന്നത്.
ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികൾ മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാക്കൾ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികൾ എങ്ങനെ ബംഗളൂരുവിൽ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.
പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നൽകിയത്. കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നൽകാനാണ് പെൺകുട്ടികൾ ആവശ്യപ്പെട്ടത്.
ഇതുപ്രകാരം യുവാവ് ഗൂഗിൾ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെൺകുട്ടികൾ യാത്ര ചെയ്തത്. ചിക്കൻപോക്‌സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും കടന്നുകളയുന്നതിൽ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെൺകുട്ടികൾ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.
ബംഗളൂരുവിൽ എത്തിയശേഷം പെൺകുട്ടികൾ മുറിയെടുത്തു നൽകാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നൽകിയ യുവാക്കൾ പെൺകുട്ടികൾക്ക് മദ്യം നൽകിയശേഷം ലൈംഗിക അതിക്രമത്തിനും മുതിർന്നുവെന്നും മൊഴി നൽകി.ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളാനാണ് പൊലീസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates