വരയുടെ പരമശിവന് വിട; ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്
ആർട്ടിസ്റ്റ് നമ്പൂതിരി/ ഫയൽ ചിത്രം
ആർട്ടിസ്റ്റ് നമ്പൂതിരി/ ഫയൽ ചിത്രം
Updated on
1 min read

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌  പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്. 

കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങൾ കണ്ട് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. 1960 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആർജിക്കുന്നത്. സമകാലിക മലയാളത്തിലും കലാകൗമുദിയിലും ജോലി ചെയ്തിട്ടുണ്ട്.  തകഴി, വികെഎൻ, എംടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. 

മോഹൻലാൽ അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശംസിക്കപ്പെട്ടു. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. രാജാ രവിവർമ്മാ പുരസ്കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
 
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. മൃണാളിനിയാണ് ഭാര്യ. പരമേശ്വരൻ, വാസുദേവൻ എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com