

കൊച്ചി: അരുന്ധതി റോയിയുടെ ആത്മകഥയായ 'മദര്‍ മേരി കംസ് ടുമി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിനും അരുന്ധതിക്കും പ്രസാധകര്‍ക്കും പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു. നിലവിലെ കവറോടു കൂടിയ പുസ്തകത്തിന്റെ വില്‍പ്പന, പ്രചരണം, പ്രദര്‍ശനം എന്നിവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുയ
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിര്‍ദ്ദേശം എല്ലായിടത്തും നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പുസ്തക കവറില്‍ പാലിച്ചിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുകവലിയെ മഹത്വവത്കരിക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍. പുസ്തകത്തിന്റെ ഉളളടക്കത്തെക്കുറിച്ചോ, ആശയത്തെക്കുറച്ചോ അല്ല തന്റെ പരാതി.
പുകവലിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ 'പുകവലി ആരോഗ്യത്തിന് ഹാനികരം' അല്ലെങ്കില്‍ 'പുകയില കാന്‍സറിന് കാരണമാകുന്നു' തുടങ്ങിയ നിയമപരമായ മുന്നറിയിപ്പ് ഈ നിയമപ്രകാരം നിര്‍ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പുസ്തകത്തിന്റെ രചയിതാവ് സിഗരറ്റ് വലിക്കുന്ന ചിത്രം പുസ്തകശാലകളിലും ലൈബ്രറികളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പടെ വ്യാപകമായി ലഭ്യമാണ്. ഇത് പൊതുജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവജനങ്ങളിലേക്ക്, പുകവലി ഫാഷനും, ബൗദ്ധിക ഉത്തേജനവും, സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ടതാണെന്ന തെറ്റിദ്ധാരണയും അനാരോഗ്യകരമായ സന്ദേശവും നല്‍കുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഈ ചിത്രം പുസ്തകത്തിന്റെ പരസ്യമാണെന്നും, പുകവലിയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും പരോക്ഷ പരസ്യവും പ്രോത്സാഹനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്ന ആളായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലും വായനക്കാരിലും ശക്തമായ സ്വാധീനം ചെലുത്തമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഓഗസറ്റ് എട്ടിനാണ് പുസ്തകം പുറത്തിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates