

വിജയത്തിന് നിരവധി അവകാശികള്‍ ഉണ്ടെന്നാണ് ചൊല്ല്. അതുപോലെ നിലമ്പൂരിലെ യുഡിഎഫിന്റെ എല്‍ഡിഎഫിന് മേലുള്ള വിജയത്തിനും ഒന്നിലധികം അവകാശികള്‍ ഉണ്ട്. തൃക്കാക്കര, പുതുപള്ളി, പാലക്കാട് സിറ്റിങ് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പുകളിൽ കൈവരിച്ച വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കേ എല്‍ഡിഎഫ് സിറ്റിങ് സീറ്റായ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണവും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കലും ഒടുവില്‍ ഫല പ്രഖ്യാപനം കഴിയുമ്പോൾ കാണുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും സതീശനുണ്ടായിരുന്ന ഏകപക്ഷീയ മേല്‍ക്കെയില്‍ മാറ്റം വന്നു എന്നതാണ്. എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജയം ' ടീം യുഡിഎഫി'ന്റേത് എന്ന് സതീശന്റെ വാക്കുകൾ അതിന്റെ വ്യക്തമായ സൂചനയാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനൊപ്പം മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിലും മുന്നണിയായ യുഡിഎഫിലും ശക്തമായ അടിയൊഴുക്കുകള്‍ സംഭവിക്കുകയായിരുന്നു. സതീശന്റയും ഒപ്പം നില്‍ക്കുന്ന വിഭാഗത്തിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും നടന്ന വിജയകരമായ വിപ്ലവം കൂടിയായിരുന്നു നിലമ്പൂര്‍ തെരഞ്ഞെടുപ്പിനിടയിൽ സംഭവിച്ചത്. ഈ പരിസമാപ്തിയിലാണ് സതീശനിസം എന്നൊന്നില്ല എന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഫല പ്രഖ്യാപന ശേഷം അന്‍വറിന്റെ അധ്യായത്തില്‍ വാതില്‍ അടഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രമേശും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചതും. വിഡി സതീശന്റ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് തടയിടുന്നതായി മാറി.
തൃക്കാക്കരയും പുതുപള്ളിയും പാലക്കാടുമല്ല നിലമ്പൂര്‍ എന്ന് കൂടി കാട്ടി വിജയത്തിന്റെ ചുക്കാന്‍ തങ്ങൾക്കാണെന്ന് തെളിയിച്ച് മുസ്‌ലീം ലീഗും ശക്തികാട്ടി. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ലീഗാണെന്ന നിലപാടാണ് യു ഡി എഫിലെ പലഘടകക്ഷികൾക്കുമുള്ളത്.
'വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ച് വേണമെന്ന് ഞങ്ങള്‍ യുഡിഎഫ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമായി ധരിപ്പിച്ചിരുന്നു', ഒരു മുതിര്‍ന്ന യുഡി്എഫ് നേതാവ് സമകാലിക മലയാളം ഓണ്‍ലൈനിനോട് പറഞ്ഞു. 'അന്‍വര്‍ വിഷയത്തിലും പരേതനായ മുന്‍ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയുമായിരുന്ന വിവി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുന്നതുമായി ബന്ധപെട്ടും നടത്തിയ സതീശന്റ പ്രതികരണം തിരിച്ചടിയാവുമോന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതൊക്കെ അനാവശ്യ പിടിവാശിയും എടുത്ത് ചാട്ടവും ആയിരുന്നു. മുസ്‌ലീം ലീഗ് പോലെ സുപ്രധാന ഘടകക്ഷിയുടെ നേതാക്കളുടെ മധ്യസ്ഥ ശ്രമങ്ങളെ തള്ളിയതും സതീശന് പ്രതികൂലമായി മാറി. അതിന്റെ ഗൗരവം സതീശന് മനസിലായെന്നാണ് തിങ്കളാഴ്ചത്തെ വാര്‍ത്താ സമ്മേളനം കാണിക്കുന്നത്. സതീശന്‍ അനുകൂലികളായ യുവ നേതാക്കളുടെ റീല്‍ രാഷ്ട്രീയത്തിന് എതിരെ ഗ്രൂപ്പ് ഭേദമന്യേ യുവ നേതാക്കള്‍ പ്രതികരിച്ചതും നിലമ്പൂരിന് ശേഷം ചോദ്യം ചെയ്യാത്ത നേതാവ് എന്ന സ്ഥാനം സ്വപ്‌നം കണ്ട സതീശനുള്ള തിരിച്ചടിയായി' നേതാവ് പറഞ്ഞു.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലും തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കലിലും പ്രചാരണത്തിലും സോഷ്യൽ എഞ്ചിനീയറിംഗിലും തുടങ്ങി എല്ലാ മേഖലകളിലും കൃതൃമായ ചുമതല വിഭജിച്ച് നൽകാൻ യു ഡി എഫിന് കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിശ്ചയിക്കലിന്റെ തുടക്കത്തില്‍ അന്‍വര്‍ വിരിച്ച ആശയ കുഴപ്പത്തിന്റെ വലയില്‍ വീഴാതെ, ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ പാര്‍ട്ടി തീരുമാനം ബോധ്യപെടുത്തുന്നതിലും പ്രഖ്യാപനം വരെ ആര്യടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ത്ഥി എന്ന് പുറത്ത് അറിയിക്കാതെയും നിലനിര്‍ത്തിയത് മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍ കുമാറായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ 8,000 ല്‍പരം പുതിയ വോട്ടുകള്‍ ചേര്‍ത്തും 400 ലധികം കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചതിന് പിന്നിലും പര്യടനത്തിന് പകരം മണ്ഡലം തല പൊതുയോഗം എന്ന ആശയം നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിച്ചതും അനിൽകുമാറായിരുന്നു.
ഭവന സന്ദർശനവും പഞ്ചായത്തുകളിലെ പ്രവർത്തന ഏകോപനവും പിഴവുകളില്ലാത്ത വിധം നിർവഹിച്ച യുവ നേതാക്കളായ മാത്യു കുഴൽനാടൻ, എം ലിജു, സി ആർ മഹേഷ്, ചാണ്ടി ഉമ്മൻ എന്നിവർ മുതിർന്ന നേതാക്കളെ പോലും അത്ഭുതപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റ ഒരു മുന്‍ പത്ര അഭിമുഖത്തിലെ വാചകത്തില്‍ ഊന്നി 'മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു' വെന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നതായി മാറി.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന പ്രസ്താവനയിലൂടെ കെ സി വേണുഗോപാൽ അന്‍വർ വിഷയത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മനസ്സ് കൂടെയായിരുന്നു വ്യക്തമാക്കിയത്. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തില്‍ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ മാര്‍ജിന്‍ ഉയര്‍ത്തണമെന്ന ഹൈക്കമാന്‍ഡ് നിലപാടായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിത എതിർപ്പ് ഹൈക്കമാന്‍ഡിനെ അമ്പരപ്പിച്ചുവെങ്കിലും തെരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങള്‍ വേണ്ട എന്ന നിലപാടായിരുന്നു എഐസിസിക്ക്. കോഴിക്കോട്, അന്‍വര്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും വേണുഗോപല്‍ കാണാന്‍ കൂട്ടാക്കാതിരുന്നതും ഇതുകൊണ്ടായിരുന്നു.
മുസ്‌ലീം ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിലെ മണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പായിട്ടും യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്ന മാധ്യമ വാര്‍ത്തകള്‍ പരന്നയുടന്‍ തീയണയ്ക്കാന്‍ അരയും തലയും മുറുക്കി ലീഗ് നേതൃത്വവും അണികളും ഒന്നാകെ ഇറങ്ങുകയായിരുന്നു. ഉംറക്ക് പോയിരുന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ തിരികെ എത്തിയ ശേഷം സിപിഎമ്മിന് സ്വാധീനമുള്ളതും സ്വരാജിന്റെ സ്വന്തം നാടായ പോത്തുകല്ലില്‍ കുടുംബ യോഗങ്ങളില്‍ മഴപോലും കണക്കാതെ പങ്കെടുത്തു. ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഒരു ലീഗ് വോട്ട് പോലും പോകില്ലെന്ന് ഉറപ്പാക്കിയതിന് പുറമേ വിദേശത്തുള്ള വോട്ടര്‍മാരെ വരുത്തുന്നതിലും ലീഗ് വലിയ പങ്ക് വഹിച്ചു.
അന്‍വര്‍- സതീശന്‍ ഈഗോ തര്‍ക്കം മുര്‍ച്ഛിച്ചപ്പോഴെല്ലാം അത് തണുപ്പിക്കാന്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലി കുട്ടി മുന്നിലുണ്ടായിരുന്നു. പ്രചാരണ ദിവസങ്ങളില്‍ ഒരൊറ്റ ദിനം മാത്രമാണ് കുഞ്ഞാലിക്കുട്ടി മണ്ഡലം വിട്ട് നിന്നതും. ലീഗ് നേതാക്കളായ പികെ ബഷീറും പിഎംഎ സലാമും ആയിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.
സാമുദായിക സമവാക്യങ്ങളെ തെരഞ്ഞെടുപ്പുമായി കൂട്ടിയോജിപ്പിക്കുന്നതിൽ കോണ്‍ഗ്രസ് മേധാവിത്വം പൂര്‍ണ്ണമായി തെളിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു നിലമ്പൂര്‍. തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞ് വരുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് അനുകൂല അവസ്ഥയെക്കാള്‍ എതിര്‍പ്പുകളായിരുന്നു ഏറെ. വിവിധ മുസ്ലിം സാമുദായിക വിഭാഗങ്ങള്‍ക്ക് ഷൗക്കത്തുമായി നിലനിന്ന അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും ചേര്‍ന്നായിരുന്നു. മണ്ഡലത്തിലെ കെഎന്‍എം, വിസ്ഡം, മര്‍ക്കസ് ദഅവ എന്നിവരുമായി സതീശന്‍ മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. പിവി അന്‍വറിന്റെ കുടുംബത്തിന് മുജാഹിദ് പ്രസ്ഥാനവുമായുള്ള ബന്ധം തിരിച്ചറിഞ്ഞ് കൂടിയായിരുന്നു ഇത്.
ഇകെ സുന്നി വിഭാഗത്തില്‍ ലീഗ് വിരുദ്ധരായി ഉയര്‍ന്ന വന്ന ഇകെ സുന്നി വിഭാഗത്തില്‍ ലീഗ് വിരുദ്ധരായി ഉയര്‍ന്ന വന്ന വിഭാഗത്തിന്റെ ഇടത് ബന്ധം തിരിച്ചറിഞ്ഞ് വോട്ട്ചോർച്ച തടയാൻ നൗഷാദലിയും സതീശനും നടത്തിയ ഇടപെടലിന് സാധിച്ചു. ഷൗക്കത്തിന് എതിരായിരുന്ന വ്യപാരി വ്യവസായി ഏകോപന സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായി വിഷയങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ നിലമ്പൂര്‍ വ്യാപാര ഭവനില്‍ രണ്ട് മണിക്കൂറായിരുന്നു സതീശന്‍ ചര്‍ച്ച നടത്തിയത്.
ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ ഇല്ലെന്ന് വ്യക്തമായതോടെ ഈഴവ വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കുന്ന ചുമതല യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശൂം ഭംഗിയായി നിര്‍വഹിച്ചു. ക്രൈസ്തവ മേഖലയെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും റോജി എം ജോണും വിജയിച്ചു. വരും ദിവസങ്ങളിലെ കെപിസിസി പുനഃസംഘടനയിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതാകും നിലമ്പൂര്‍ വിജയവും കോണ്‍ഗ്രസിനകത്തെ സമവാക്യങ്ങളിലെ മാറ്റവും.
നിലമ്പൂരില്‍ അന്‍വറിന് ലഭിച്ച 19690 വോട്ട് എന്നത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ ചര്‍ച്ചയാവുമെന്നത് ഉറപ്പാണ്, അത് സതീശന് ഇഷ്ടമായാലും ഇല്ലെങ്കിലും. കോണ്‍ഗ്രസിനോട് വിലപേശിയ അന്‍വറല്ല നിലമ്പൂർ ഫലം വന്ന ശേഷം ഉള്ളതെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. അന്‍വര്‍ ബേപ്പൂരിലാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ നോട്ടമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ നിലമ്പൂരില്‍ എല്ലാ പഞ്ചായത്തിലും തന്റേതായ വോട്ടുണ്ടെന്ന് തെളിയിച്ച അന്‍വര്‍ യുഡി എഫിന് പുറത്ത് നില്‍ക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണകരമല്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. വരും ദിനങ്ങളിലെ കോൺഗ്രസിലെ നീക്കുപോക്കുകൾക്ക് പിന്നിലെ പ്രേരക ശക്തിയും അതാവും.
Aryadan's victory in Nilambur and the 'revolution' in the Congress
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
