

കൊച്ചി : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അന്‍വര്‍ നടത്തിയ പ്രസ്താവനയോട് നോ കമന്റ്‌സ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ഡി സതീശനോട് വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ നിലപാടുകളാണ് വേദനയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
ഞാനൊന്നും ആരോടും പറയുന്നില്ല. ഞാനിതുവരെ ആരോടും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പണ്ട് രണ്ടു വാചകം പറയാന്‍ യുഡിഎഫ് എന്നെ ചുമതലപ്പെടുത്തി. ആ വാചകം അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. എനിക്കെതിരെ മണിക്കൂറുകളോളം പറഞ്ഞത്, ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു. എട്ടുദിവസക്കാലമാണ് ഇങ്ങനെ ആഘോഷിച്ചത്. ഒരക്ഷരം അന്നും പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ല.
യുഡിഎഫ് രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം. വേറെ ഒന്നിനും ഞങ്ങളെ കിട്ടില്ല. പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തോട്, നോ കമന്റ്‌സ് എന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ട. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. എനിക്ക് പ്രത്യേകിച്ച് ക്രെഡിറ്റ് വേണ്ട. യുഡിഎഫ് 2026 ല്‍ കൊടുങ്കാറ്റായി തിരിച്ചുവരും. അതിനുള്ള സംഘടനാ വൈഭവം ഞങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് തെളിയിച്ചുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ഈ സര്‍ക്കാരിനോട് ജനങ്ങള്‍ വെറുക്കുന്നു. ഓരോ വീട്ടിലും വോട്ടു ചോദിച്ചു പോയപ്പോള്‍ മനസ്സിലായി. അവരുടെ പ്രതിഷേധത്തിന്റെ വോട്ടു കൂടിയാണ് യുഡിഎഫിന് ലഭിച്ചത്. ഞങ്ങളുടെ പൊളിറ്റിക്കല്‍ വോട്ട് അവിടെയുണ്ടാകും എന്നാണ് തെരഞ്ഞെടുപ്പിനിടെ പറഞ്ഞത്. ഒരാള്‍ക്കും അതില്‍ തൊടാനാകില്ല. തെരഞ്ഞെടുപ്പിനെ പൊളിറ്റിക്കലായി നേരിടുമെന്നാണ് യുഡിഎഫ് പറഞ്ഞത്. ഈ വിജയം മുന്നോട്ടുള്ള കുതിപ്പിനുള്ള ഇന്ധനമാണ്. ഈ വിജയം യുഡിഎഫിനെ ഉന്മത്തരാക്കുകയല്ല, കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ആശാ സമരം വിജയത്തില്‍ വളരെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ തീവ്ര വലതുപക്ഷ, മുതലാളിത്ത നിലപാടാണ് തുറന്നു കാണിക്കപ്പെട്ടത്. ജമാ അത്താ ഇസ്ലാമി പൂര്‍ണമായ പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്. അതു വര്‍ഗീയമാക്കി മറ്റുള്ളവരുടെ വോട്ട് അകറ്റാമെന്നാണ് സിപിഎം വിലയിരുത്തിയത്. പിഡിപിയേയും ആ സ്വാമിയേയും ( ഹിമവല്‍ ഭദ്രാനന്ദ) കൂട്ടുപിടിച്ചാണ് സിപിഎം കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നത്. മതപരമായ ഭിന്നിപ്പിനു സിപിഎം ശ്രമിച്ചപ്പോള്‍, എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിനെ പിന്തുണച്ചു.
കേരളത്തിലെ ബിജെപിയും സിപിഎം നേതൃത്വവും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ട്. പഴയകാലത്തെ പ്രണയബന്ധത്തെയാണ് എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചത്. ആര്‍എസ്എസ് ബന്ധത്തെപ്പറ്റി എംവി ഗോവിന്ദന്‍ പറഞ്ഞത് വെറുതെയൊന്നുമല്ല. അവരൊക്കെ വലിയ നേതാക്കളല്ലേ. ഒന്നും കാണാതെ പറയില്ലല്ലോ. പക്ഷെ ആ ശ്രമം പാളിപ്പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2700 വോട്ടിന് നഷ്ടമായ നിലമ്പൂര്‍ സീറ്റ് ഇത്തവണ അഞ്ചിരട്ടി വോട്ടിനാണ് യുഡിഎഫ് തിരിച്ചുപിടിച്ചതെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.
Opposition leader V D Satheesan says no comments on PV Anvar's statement. When asked whether PV Anvar would be accepted into the UDF, V D Satheesan repeated, "No comments."
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
