

മുംബൈ: ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റയെ പരിഗണിക്കണമെന്നു മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. നിലവിലെ കോച്ച് ഗൗതം ഗംഭീറിനു ശേഷം ബിസിസിഐക്ക് സമീപിക്കാവുന്ന ഓപ്ഷനാണ് നെഹ്റയെന്നു മഞ്ജരേക്കർ പറയുന്നു.
ഗുജറാത്തിനു ഐപിഎൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ടീമിനെ ഫൈനൽ വരെ എത്തിക്കാൻ നെഹ്റയുടെ തന്ത്രങ്ങൾക്കു സാധിച്ചിരുന്നു. അഞ്ച് വർഷത്തിനിടെ 3 ഫൈനലുകളാണ് ഗുജറാത്ത് കളിച്ചത്. ആദ്യ വരവിൽ തന്നെ കിരീട നേട്ടമെന്ന സ്വപ്ന സമാന തുടക്കമിട്ട നെഹ്റയുടെ സംഘം 4 തവണയും പ്ലേ ഓഫിലുമെത്തി. നിലവിൽ നെഹ്റയുടെ കരിയർ ഗ്രാഫ് ഉയരെ നിൽക്കുന്ന ഘട്ടത്തിലാണ് മഞ്ജരേക്കറുടെ ശ്രദ്ധേയ നിർദ്ദേശം.
'ഇന്ത്യ ഒരു ടി20 പരിശീലകനെ തിരയുകയാണെങ്കില്‍ ഫലം കാണിച്ചുതന്ന ഒരാളാണ് നെഹ്റ. മികച്ച റെക്കോര്‍ഡാണ് നെഹ്റയ്ക്കുള്ളത്. അദ്ദേഹം തികച്ചും പ്രായോഗിക ബുദ്ധിയുള്ള ക്രിക്കറ്ററാണ്. കളിയെ വൈകാരികമായി കാണുന്നതിന് പകരം ടീമിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും'.
'കളിയെ കൃത്യമായി വായിക്കാനുള്ള കഴിവും മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കാത്ത സ്വഭാവവും നെഹ്റയെ വേറിട്ടു നിര്‍ത്തുന്നു. വിജയങ്ങളുടെ ക്രെഡിറ്റ് സ്വന്തമായി എടുക്കാന്‍ താത്പര്യപ്പെടാതെ പിന്നില്‍ നിന്നു ജോലി ചെയ്യാനാണ് നെഹ്റ ഇഷ്ടപ്പെടുന്നത്. നെഹ്റയെ ടീമിലെത്തിക്കുകയാണെങ്കില്‍ അത് ബൗളിങ് പരിശീലകനായോ കൺസൾട്ടന്റായോ അല്ല പരിഗണിക്കേണ്ടത്. മുഖ്യ പരിശീലകനാക്കണം'- മഞ്ജരേക്കർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates