അതാണ് മാതാവിന്റെ മഹത്വം; അത്തരം സാഹചര്യത്തില്‍ ഇങ്ങനയെ പ്രവര്‍ത്തിക്കൂ; നൊമ്പരക്കുറിപ്പ്

തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്
rafsa
rafsa
Updated on
1 min read

കൊച്ചി:കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്.  ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. 

കുറിപ്പിന്റെ പൂര്‍ണരൂപം


അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു. കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്‌റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായി.
നിങ്ങളെല്ലാപേരും അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും, മക്കളും അപകടത്തില്‍ പെട്ടെന്നറിഞ്ഞ് രക്ഷിക്കാന്‍ ചാടി,അവസാനം മരണത്തിന്റെ മുമ്പില്‍ കീഴടങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫിന്റെ മയ്യത്ത് ഇന്ന് വൈകുന്നേരമാണ് ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വിട്ടു കിട്ടിയത്.അവിടെ നിന്നും എംബാംമിംഗ് സെന്ററിലെ നടപടികള്‍ക്ക് ശേഷം ഏയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു.
റഫ്‌സ എന്ന സഹോദരിയെ കുറിച്ച് പറയാതെ ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല.തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍  ഇങ്ങനെ പ്രവര്‍ത്തിക്കു.സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം.അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം. 
മാതാവിനോടുള്ള ബാധ്യത നമ്മള്‍ നിറവേറ്റുക.അത് എല്ലാപേരുടെയും കടമയാണ്,മാതാവിന്റെ കാലടിക്കീഴിലാണ് നമ്മുടെ സ്വര്‍ഗ്ഗം,അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ പൊരുത്തം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നമ്മളായിട്ട് ഇടവരുത്തരുത്. മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളുടെ കൂട്ടത്തില്‍ പടച്ചവന്‍ നമ്മളെയും കൂട്ടട്ടെ,ആമീന്‍
ഈ സഹോദരിയുടെ വിയോഗം മൂലം വേദന അനുഭവിപ്പിക്കുന്ന കുടുംബത്തിന് പടച്ചവന്‍ സമാധാനം കൊടുക്കുന്നതോടപ്പം,പാപങ്ങള്‍ പൊറുത്ത്,ഖബറിനെ വിശാലമാക്കി കൊടുക്കുകയും,പരലോകജീവിതം സമാധാനമുളളതാക്കി കൊടുക്കുമാറാകട്ടെ. ആമീന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com