

കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.
അതുല്യയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഷാര്‍ജയിലുള്ള സഹോദരി അഖില ഇന്ത്യന്‍ കോണ്‍സുലേറ്റിന് പരാതി നല്‍കി. അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിവരങ്ങളും, മുമ്പ് നടന്ന ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോണ്‍സുലേറ്റിന് കൈമാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സതീഷിനെ കോണ്‍സുലേറ്റിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതുല്യയുടെ മരണത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്കും ദുബായ് കോണ്‍സുലേറ്റ് ജനറലിനും കത്തു നല്‍കിയിട്ടുണ്ട്. അതേസമയം അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം നടത്തുന്നത്. അതുല്യയുടെ മരണത്തില്‍ കുടുംബം ഷാര്‍ജ പൊലീസിനും പരാതി നല്‍കുമെന്ന് സഹോദരി അഖില അറിയിച്ചിട്ടുണ്ട്.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ രാജശേഖരൻ പിള്ളയുടെ മകൾ ടി അതുല്യ ശേഖറിനെ (30) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates