എടിഎം തട്ടിപ്പ്; ബാങ്കുകളെ കബളിപ്പിച്ച് കൈക്കലാക്കിയത് ലക്ഷങ്ങൾ; തൃശൂരിൽ ഉത്തരേന്ത്യൻ സംഘം പിടിയിൽ

എടിഎം തട്ടിപ്പ്; ബാങ്കുകളെ കബളിപ്പിച്ച് കൈക്കലാക്കിയത് ലക്ഷങ്ങൾ; തൃശൂരിൽ ഉത്തരേന്ത്യൻ സംഘം പിടിയിൽ
പവന്‍ സിങ്, മനോജ് കുമാര്‍, അജയ് സംഘ്‌വാര്‍, പങ്കജ് പാണ്ഡെ
പവന്‍ സിങ്, മനോജ് കുമാര്‍, അജയ് സംഘ്‌വാര്‍, പങ്കജ് പാണ്ഡെ
Updated on: 
1 min read

തൃശൂർ: ബാങ്കുകളെ കബളിപ്പിച്ച് എടിഎം സെൻസറുകൾ പ്രവർത്തനരഹിതമാക്കി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ. തൃശൂർ സിറ്റി പൊലീസാണ് സംഘത്തെ പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശികളായ മനോജ് കുമാർ (55), അജയ് സംഘ്‌വാര്‍, (33), പങ്കജ് പാണ്ഡേ (25), പവൻ സിങ്ങ് (29) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ലാൽകുമാറും സംഘവും അറസ്റ്റു ചെയ്തത്. 

ഇക്കഴിഞ്ഞ ഒൻപത്, 12 തീയതികളിലായി തൃശൂർ അശ്വിനി ആശുപത്രിക്കു സമീപമുള്ള എസ്ബിഐ യുടെ എടിഎമ്മിൽ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ എടിഎം ചാനൽ മാനേജർ ഷിനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

തട്ടിപ്പ് രീതി ഇങ്ങനെ

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും സംഘടിപ്പിക്കുന്നു. ഇത്തരം അക്കൗണ്ടുകളിൽ ചെറിയ തുകകൾ നിക്ഷേപിച്ച് 
എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കാൻ ശ്രമിക്കും. എടിഎമ്മുകൾ പണം പുറം തള്ളുന്ന സമയം സെൻസറുകളിൽ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ തിരുകിക്കയറ്റി പ്രവർത്തനരഹിതമാക്കുന്നു. 

പണം തട്ടിപ്പുകാർക്ക് ലഭിക്കുമെങ്കിലും, പണം പിൻവലിക്കപ്പെട്ടതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയില്ല. മാത്രമല്ല എടിഎമ്മിൽ സാങ്കേതിക തകരാർ മൂലം പണം നൽകാൻ സാധിച്ചില്ല എന്ന് കാണിക്കും. എടിഎമ്മിലൂടെ പണം ലഭിച്ചില്ലെന്നു കാണിച്ച് തട്ടിപ്പുകാർ ബാങ്കിൽ പരാതി നൽകും. റിസർവ് ബാങ്ക് നിയമപ്രകാരം ഇത്തരത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നൽകണം. അതോടെ ബാങ്ക് പണം നൽകാൻ ബാധ്യസ്ഥരാകുന്നു. ഇത്തരത്തിൽ നിരവധി തവണ ആവർത്തിക്കുന്നു.  വിവിധ അക്കൗണ്ടുകൾ വഴിയും ഇതുപോലെ ശ്രമിക്കുന്നു. ഇതോടെ ലക്ഷങ്ങൾ ഇവർക്ക് ലഭിക്കും.

ബാങ്ക് അധികാരികൾ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെത്തുടർന്ന് എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ ഈസ്റ്റ് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്ന് നൂറിലധികം എടിഎം കാർഡുകളും 35,000 രൂപയും പിടിച്ചെടുത്തു. 

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നു പ്രതികൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്നു പിടികൂടിയ എടിഎം കാർഡുകളുടെ യഥാർത്ഥ അക്കൗണ്ട് ഉടമകളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com