

ആറ്റിങ്ങല്‍: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നടുറോഡില്‍ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് പട്രോളിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം ആര്‍ രജിതയെ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിനായി കൊല്ലം സിറ്റിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ ഇവരെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു സ്ഥലം മാറ്റിയിരുന്നു.
ഗുരുതര ആരോപണം ഉയര്‍ന്നിട്ടും സംഭവത്തെ പൊലീസ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഡിജിപി അനില്‍കാന്ത് ഇടപെട്ടതിനെ തുടര്‍ന്നാണ് രജിതയെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ തീരുമാനിച്ചത്. ഡിജിപിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് ഉത്തരവിട്ടത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി വി കെ മധു നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.
പരിശീലനത്തിനു ശേഷം രജിതയെ പിങ്ക് പട്രോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കാമെന്നും ഡിഐജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി, തെറ്റു ചെയ്തില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍, പൊലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോടു മാപ്പു ചോദിക്കണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ഡിഐജിയുടെ ഉത്തരവില്‍ പറയുന്നു.
ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍, കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38), എട്ടു വയസ്സുള്ള മകള്‍ക്കുമാണ് രജിതയുടെ ഭാഗത്തുനിന്നും മോശമായ അനുഭവമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മൂന്നുമുക്ക് ജങ്ഷനിലായിരുന്നു സംഭവം. ഐഎസ്ആര്‍ഒയിലേക്കുള്ള കൂറ്റന്‍ ഉപകരണങ്ങള്‍ കൊണ്ടു പോകുന്നത് കാണാനാണ് മകള്‍ക്കൊപ്പം ജയചന്ദ്രന്‍ സ്ഥലത്തെത്തിയത്.
പൊലീസ് വാഹനത്തിന് അല്‍പം അകലെ നില്‍ക്കുകയായിരുന്ന ജയചന്ദ്രനെ, രജിത അടുത്തേക്ക് വിളിച്ച് വാഹനത്തില്‍ നിന്നു ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് അധിക്ഷേപിച്ചെന്നാണു പരാതി. നിരപരാധിത്വം തെളിയിക്കുന്നതിനായി ജയചന്ദ്രന്‍ തന്റെ ഉടുപ്പ് ഉയര്‍ത്തി കാണിച്ചു. തുടര്‍ന്ന് കാറില്‍ നിന്നെടുത്ത് ഏല്‍പിച്ച ഫോണ്‍ മടക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ക്ക് നേരെ തിരിയുകയായിരുന്നെന്നും ജയചന്ദ്രന്‍ പറഞ്ഞു.
അതിനിടെ, ഫോണ്‍ എടുക്കാന്‍ പറഞ്ഞ് രജിത വിരട്ടിയത് വിവരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. 'ഫോണ്‍ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് പൊലീസ് ആന്റി വിരട്ടി'എന്നാണ് കുട്ടി പറയുന്നത്. സംഭവദിവസം രാത്രി ഭയം കാരണം കുട്ടി ഉറങ്ങിയിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിനോട് പിതാവ് ജയചന്ദ്രന്‍ പറഞ്ഞു. കുട്ടിക്ക് അടിയന്തര കൗണ്‍സിലിങ് നല്‍കണമെന്ന് കമ്മിഷന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് നിര്‍ദേശിക്കുകയും ചെയ്തു.
'പൊലീസ് ആന്റി അച്ഛനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഫോണ്‍ ഇങ്ങെടുക്കാന്‍. അപ്പോ അച്ഛന്‍ പറഞ്ഞു, ഞങ്ങള്‍ ഫോണ്‍ എടുത്തില്ലെന്ന്. ഞാന്‍ കണ്ടല്ലോ നീ എടുത്ത് ഇവളുടെ കയ്യില്‍ കൊടുക്കന്നത് എന്ന് പൊലീസ് ആന്റി പറഞ്ഞു...ഫോണ്‍ ഇങ്ങെടുക്കെടി, ഫോണ്‍ ഇങ്ങെടുക്കെടി എന്നു പറഞ്ഞ് പൊലീസ് ആന്റി വിരട്ടി....'കുട്ടി പറഞ്ഞു.
രജിതയുടെ അമിതാവേശവും ജാഗ്രതക്കുറവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയെന്നും, ഇവരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നുമാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഫോണ്‍ നഷ്ടമായപ്പോള്‍ പൊലീസ് വാഹനത്തിലോ, ബാഗിലോ ആയിരുന്നു ആദ്യം തിരയേണ്ടിയിരുന്നത്. ഇതിനു പകരം സമീപത്തു നിന്ന കുട്ടിയെയും അച്ഛനെയും സംശയിക്കുകയായിരുന്നു. പിന്നാലെ ചോദ്യം ചെയ്യല്‍, ദേഹ പരിശോധന തുടങ്ങിയവ ആവശ്യപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥയ്ക്കു ചേര്‍ന്ന പ്രവൃത്തിയായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates