

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലെ വിവിധ പഞ്ചായത്തുകളിലായി ശനിയാഴ്ച 7,625 പക്ഷികളെ (കൊന്നു മറവുചെയ്യുന്ന നടപടി) കള്ളിങ്ങിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിങ്ങിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
പള്ളിപ്പാട് പഞ്ചായത്തില്‍ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തില്‍ 4,739 പക്ഷികളെയും കൊന്നൊടുക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളില്‍ കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്. രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കുന്നുണ്ട്. ദിവസം13,000 പക്ഷികളെ കൊല്ലാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആലപ്പുഴ ജില്ലയില്‍ ഇത്തവണ 13 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ 28,000-ലേറെ പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയിരുന്നു.
അതേസമയം, പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഇത്തവണയും വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2.28 കോടി രൂപയാണ് മുന്‍വര്‍ഷത്തെ നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ ഇനിയും സംസ്ഥാനത്തിനു നല്‍കാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates