

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കുട്ടിയെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. എന്താണ് കൊലപാതക കാരണമെന്നറിയാനായി പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകത്തില്‍ അമ്മ ശ്രീതുവിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ അമ്മയെയും പ്രതി ചേര്‍ക്കും. സഹോദരനും സഹോദരിയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചു
കുട്ടിയെ ഹരികുമാര്‍ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്. എന്തോ മറയ്ക്കാനാണ് ഹരികുമാര്‍ ഇങ്ങനെയൊരു മൊഴി നല്‍കിയതെന്നും പൊലീസ് സംശയിക്കുന്നു.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൊലീസിനോടു കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. ഹരികുമാര്‍ ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ പുലര്‍ച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates