

തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നു നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. 'അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ' എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ നിയമസഭയില്‍ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാന്‍ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു'- ബേസിൽ ജോസഫ് പറഞ്ഞു നിർത്തുമ്പോൾ സദസ്സിൽ കയ്യടി ശബ്ദം നിറഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2025' സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
'ആദ്യമായിട്ടാണ് പൊതുപരിപാടിക്ക് മുണ്ടുടുത്തു വരുന്നത് അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്. അരമണിക്കൂര്‍ എടുത്തു ഇതൊന്ന് ഉടുക്കാന്‍. ഉടുക്കുമ്പോള്‍ ഒരു കര അങ്ങോട്ട് പോകും കസവ് ഇങ്ങോട്ട് മാറും. കുറച്ചു സമയം എടുത്തു. അങ്ങനെയാണ് മനസ്സിലാക്കിയത് ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്ന് പറയുന്നത് ഈ മുണ്ട് മുറുക്കി കെട്ടാനുള്ള വെല്‍ക്രോ ബെല്‍റ്റ് ആണ്. അതിന്റെ ഒരു ബലത്തിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്'- ബേസില്‍ പറഞ്ഞു.
ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളം പിന്തുടര്‍ന്നു വരുന്ന ക്ഷേമ സങ്കല്‍പങ്ങളെ തകര്‍ക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
