

തൃശൂര്‍: മഹാശിവരാത്രിയോടനുബന്ധിച്ച് ഗുരുവായൂരില്‍ നടന്ന സമൂഹ ലളിതാ സഹസ്രനാമ അര്‍ച്ചന ഭക്തര്‍ക്ക് ആത്മീയാനുഭവമായി. പൈതൃകം ഗുരുവായൂര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത ഗായികയും ബിഹാര്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളുമായ മൈഥിലി ഠാക്കൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത പരിപാടിയില്‍ ''അച്യുതം കേശവം'' ഉള്‍പ്പെടെയുള്ള ഭജനകള്‍ മൈഥിലി ഠാക്കൂര്‍ ആലപിച്ചപ്പോള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം നിറഞ്ഞു. ഗുരുവായൂരപ്പന്റെ സാന്നിധ്യം അനുഭവപ്പെട്ടതായി നിരവധി ഭക്തര്‍ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് ഭക്തര്‍ ഏകകണ്ഠമായി സഹസ്രനാമ ജപത്തില്‍ പങ്കെടുത്തത് ചടങ്ങിനെ ആത്മീയോജ്ജ്വലമാക്കി.
ബിഹാറിലെ അലീനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മൈഥിലി ഠാക്കൂര്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, മൈഥിലി ജനപദ്യങ്ങള്‍, ഭജനകള്‍ എന്നിവയില്‍ പ്രശസ്തയാണ്. ബിഹാര്‍ ഖാദി ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേറ്റ് ഐക്കണായും അവര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.
പിതാവ് രമേഷ് ഠാക്കൂറില്‍ നിന്ന് സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ അഭ്യസിച്ച മൈഥിലി, സഹോദരന്മാരായ രിഷഭ് ഠാക്കൂര്‍ (തബല), അയാച്ചി ഠാക്കൂര്‍ (ഗായകന്‍) എന്നിവരുമായി ചേര്‍ന്ന് ദേശീയ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയരായത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഭക്തിഗായികമാരില്‍ ഒരാളാണ് അവര്‍.
പ്രശസ്ത വ്യക്തികളെയും സാംസ്‌കാരിക സംഘടനകളെയും ഗുരുവായൂരിലേക്കെത്തിച്ച് ആത്മീയ-സാംസ്‌കാരിക ഇടപെടലുകള്‍ക്ക് വേദിയൊരുക്കുന്ന സംഘടനയായ ''പൈതൃകം'' ആണ് പരിപാടി സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates