''നേതാവിന്റെ മകന് എന്തിനാണ് ജോലി?'', ഇന്റര്‍വ്യൂ ചെയ്തയാള്‍ ചോദിച്ചു, അനുഭവം പറഞ്ഞ് ബിജു പ്രഭാകര്‍

ഇന്റർവ്യൂ ചെയ്ത ആൾ ചോദിച്ചത് “ഇത്ര ഉന്നത നേതാവിന്റെ മകന് എന്തിനാണ് ജോലി” എന്നാണ്.
Biju Prabhakar IAS
ബിജു പ്രഭാകർ ഐഎഎസ്ഫെയ്സ്ബുക്ക്
Updated on
9 min read

തിരുവനന്തപുരം: ഒരു രഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതു കൊണ്ട് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് തനിക്കുണ്ടായിട്ടുള്ളതെന്ന് കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐഎഎസ്. ഈ മാസം 30 ന് വിരമിക്കാനിരിക്കെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐടി@സ്‌കൂള്‍ പദ്ധതി തുടങ്ങിയപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും തന്റെ ഐഎഎസ് പദവി നിരന്തരം ചോദ്യം ചെയ്യലിന് വിധേയമായതിനെ കുറിച്ചുമെല്ലാം അദ്ദേഹം കുറിച്ചിട്ടുണ്ട്.

35 വർഷത്തെ സർവീസിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. തന്റെ സർവീസ് കാല അനുഭവങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട് ബിജു എസ് പ്രഭാകർ. ഏപ്രില്‍ 30 നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതെന്നും ഇത്രയും കാലത്തെ സേവനത്തിനിടയില്‍ കയറ്റവും ഇറക്കവും കീര്‍ത്തിയും അപകീര്‍ത്തിയും ഒക്കെ കാണേണ്ടി വന്നെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി തോന്നുവെന്നും ബിജു പ്രഭാകര്‍ കുറിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ വന്നതു മൂലമാണ് ഒരു മേല്‍വിലാസമുണ്ടായതെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപെട്ടവരേ...

35 വർഷത്തെ സ്വകാര്യ - കേന്ദ്ര സർക്കാർ - സംസ്ഥാന സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്നു നാളെ (ഏപ്രിൽ 30-ന്) പടിയിറങ്ങുന്നു. ഈ കാലയളവിൽ കയറ്റവും ഇറക്കവും കീർത്തിയും അപകീർത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തോന്നുന്നു. സ്വന്തമായി ഒരു മേൽവിലാസം ഉണ്ടായതു സർക്കാർ സർവീസിൽ വന്നത് മൂലമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് എനിക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാകുന്നത് വരെ ഉണ്ടായിട്ടുള്ളത്.

SSLC യ്ക്ക് 600 മാർക്കിൽ 490 മാർക്ക് വാങ്ങി ജയിച്ചപ്പോഴും, പ്രീ-ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങി, പിന്നീട് എൻട്രൻസ് പരീക്ഷ എഴുതി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോഴും, പഠനം കഴിഞ്ഞു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മൂന്നാം റാങ്ക് വാങ്ങി ജോലിക്കു ചേർന്നപ്പോഴും എല്ലാം എഴുതിയ പരീക്ഷകളിലെ നേട്ടങ്ങൾ പരിഗണിക്കാതെ അച്ഛന്റെ കെയർ ഓഫിൽ കിട്ടിയ നേട്ടങ്ങളാണ് അതൊക്കെ എന്ന് പറഞ്ഞവർ കുറേയുണ്ട്. പിന്നീട് സിപിഎംകാരനായ ശ്രി. ഗംഗാധരകുറുപ്പ് ചെയർമാൻ ആയ PSC യുടെ അത്യുന്നത പരീക്ഷ ആയ സ്റ്റേറ്റ് സിവിൽ സർവീസ് (എക്സിക്യൂട്ടീവ്) - ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ പ്രീലിമിനറിയും മെയിൻസും ഇന്റർവ്യൂവും കഴിഞ്ഞു സംസ്ഥാനത്തു മൂന്നാം റാങ്ക് വാങ്ങിയപ്പോൾ അച്ഛൻ ജീവിച്ചിരിപ്പില്ലാതിരുന്നതിനാൽ അദ്ദേഹം പറഞ്ഞിട്ടാണ് മൂന്നാം റാങ്ക് കിട്ടിയത് എന്ന് ആരും പറയുന്നത് കേട്ടില്ല.

എഞ്ചിനീയറിംഗ് പരീക്ഷാ ഫലം വരുന്നതിനു മുൻപു തന്നെ നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷ ഉള്ളതിനാലും ആരുടേയും ശുപാർശ ഇല്ലാതെ ജോലിക്കു കയറണം എന്ന ആഗ്രഹം ഉള്ളതിനാലും കേരളത്തിലെ ചില സ്വകാര്യ കെമിക്കൽ കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഒരു കമ്പനിയിൽ നിന്ന് മാത്രമെ ഇന്റർവ്യൂ കോൾ വന്നുള്ളൂ. ഇന്റർവ്യൂവിന് പോയപ്പോഴാണ് എന്ത് കൊണ്ട് മറ്റാരും ജോലിക്ക് വിളിക്കാതിരുന്നതിന്റെ കാരണം മനസ്സിലായത്. ഇന്റർവ്യൂ ചെയ്ത ആൾ ചോദിച്ചത് “ഇത്ര ഉന്നത നേതാവിന്റെ മകന് എന്തിനാണ് ജോലി” എന്നാണ്.

പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് രാഷ്ട്രീയ നേതാവിന്റെ മകനെ ജോലിക്കെടുത്താൽ തലവേദന ആകും എന്ന് അവർക്ക് തോന്നിയത് കൊണ്ടാണ് ജോലിക്ക് എടുക്കാതിരുന്നത് എന്നാണ്. എഞ്ചിനീയറിംഗ് പരീക്ഷ റിസൾട്ട് വന്നപ്പോൾ തലയിൽ കൈ വെച്ചു പോയി. മൊത്തം 64.7% മാർക്ക്. അതായത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിൻ റിഫൈനറീസ്, FACT, IOC, ബിപിസിഎൽ തുടങ്ങി നല്ല ജോലിയും ശമ്പളവും ലഭിക്കുന്ന ഒരു സ്ഥാപനത്തിലും എനിക്ക് ജോലിക്ക് അപേക്ഷിക്കാനാവില്ല. അവിടെയൊക്കെ കട്ട് ഓഫ് മാർക്ക് 65% ആണ്. എനിക്ക് കേവലം 0.3 % കുറവ്.

എഞ്ചിനീയറിംഗിന്റെ ഏതാണ്ട് എല്ലാ പരീക്ഷകളിലും എഴുപത് ശതമാനത്തിൽ അധികം മാർക്ക് ലഭിച്ച സെമസ്റ്റർ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് തിരിച്ചും മറിച്ചും കൂട്ടിനോക്കിയപ്പോൾ 72 ശതമാനത്തിലധികം ഉണ്ട്. കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ആണ് Carry Over system എന്ന സമ്പ്രദായത്തെ കുറിച്ച് അറിയുന്നത്. രാഷ്ട്രീയവും ബിസിനസ്സും കോളേജ് പഠനവുമായി കൂട്ടി കുഴച്ചപ്പോൾ മിക്ക പേപ്പറും ക്രിട്ടിക്കൽ ചാൻസിൽ ആണ് എഴുതിയത്. അതിൽ നല്ല മാർക്കു കിട്ടിയെങ്കിലും മേൽ സമ്പ്രദായം അനുസരിച്ച് യൂണിവേഴ്സിറ്റി അന്തിമ മാർക്ക് ലിസ്റ്റിൽ 50 ശതമാനം മാർക്കിൽ കൂടുതൽ തന്നില്ല. (പിന്നീട് ഈ സിസ്റ്റം നിർത്തലാക്കി).

ഇതിനോട് അനുബന്ധമായി പറയേണ്ട ഒരു കാര്യമുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ബിസിനസ് ഒക്കെ ചെയ്ത് പണം ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടെയാണ് ബൈക്ക് ആക്സിഡെന്റിൽ കാലൊടിഞ്ഞു 8 മാസം കിടക്കയിലാകുന്നത്. ആ കിടപ്പിലാണ് ഇന്നത്തെ പ്രശസ്ത സിനിമാക്കാരായ ഷാജി കൈലാസും വിനു കിരിയത്തും ഒക്കെ ചേർന്ന് ഒരു സിനിമ പിടിക്കാനായി പോകുന്നതും “ ചങ്ങാതി ഫിലിംസ്” എന്ന കമ്പനി തുടങ്ങി ഞങ്ങൾ “ ശത്രുക്കൾ’ ആയി അടിച്ചു പിരിയുന്നതും. കോളേജിൽ പഠിക്കുപ്പോൾ ഉണ്ടാക്കിയ മറ്റൊരു പൊട്ടിയ കമ്പനി ആണ് “Travancore Colloids & Clays Ltd”. (സ്വന്തമായി തുടങ്ങിയ ബിസിന്സ് എല്ലാം പൊട്ടി പോയതുകൊണ്ട് പിന്നീട് നാളിതുവരെ മറ്റുള്ളവർക്ക് വേണ്ടി ബിസിനസ്സ് കൺസൾട്ടൻസി കൊടുക്കാൻ സാധിച്ചു. ഉപദേശം കേട്ട് പലരും നല്ല നിലയിൽ എത്തുകയും ചെയ്തു.)

മാർക്ക് കുറഞ്ഞതിനാൽ ഇനി കേരളത്തിൽ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ബോംബെയിലേക്ക് വണ്ടി കേറി. ജോലി ചെയ്യുന്നതിനൊപ്പം സിവിൽ സർവീസ് പരീക്ഷക്ക് പഠിച്ചു IAS നേടാം എന്നായിരുന്നു മനസ്സിൽ. ഏതാണ്ട് രണ്ടു രണ്ടര മാസക്കാലം ഒരു ജോലിയും ലഭിച്ചില്ല. ജോലിയുടെ വില എന്താണെന്ന് അന്നു മനസ്സിലായി. സിദ്ധി വിനായക അമ്പലത്തിൽ ചെന്ന് എല്ലാ ആഴ്ചയിലും ഗണപതിയോട് പ്രാർഥിച്ചു – ദൈവത്തിനു ഉറപ്പു കൊടുത്തു -- എനിക്കൊരു ജോലി ലഭിച്ചാൽ ഞാൻ കഷ്ടപ്പെട്ട് ആത്മാർത്ഥതയോടെ ജോലി ചെയ്തോളാം എന്ന്. ദൈവത്തിന് കൊടുത്ത വാക്ക് ആദ്യത്തെ ജോലി മുതൽ ഇന്ന് വരെ ഈ മുപ്പത്തി അഞ്ചു വർഷക്കാലവും തുടർന്നു.

IT@സ്കൂൾ പോലുള്ള പദ്ധതികൾ തുടങ്ങിയപ്പോൾ രാത്രി 12 മണി വരെ ഓഫീസിൽ ഇരുന്നു ജോലി ചെയ്തിരുന്നു. മക്കൾ വലുതായപ്പോൾ വീട്ടിലെത്തി രാത്രി വരെ ജോലി ചെയ്തു. സെക്രട്ടറിയേറ്റിലായാലും വൈദ്യുതി ഭവനിൽ ആയാലും ഇന്നും ഏറ്റവും അവസാനം ഓഫീസ് വിടുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഞാൻ. കാരണം ഒരു നല്ല ജോലി ലഭിക്കുക എന്നത് ഭാഗ്യമാണ്. അതിനേക്കാൾ ഉപരി സംസ്ഥാന സിവിൽ സർവീസ് ആയാലും കേന്ദ്ര സിവിൽ സർവീസ് ആയാലും അതിൽ ഒരു ഉന്നത ജോലി കിട്ടിയത് ദൈവാനുഗ്രഹത്താൽ ആണ് എന്നു വിശ്വസിക്കുന്നതിനാൽ ജോലിയെയും ദൈവീകമായി കാണാൻ സാധിച്ചു. കരിയർ നോക്കുമ്പോൾ ചെറുപ്പത്തിൽ രണ്ട് ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഒന്ന് എഞ്ചിനീയർ ആകണം രണ്ട് കേരളത്തിൽ ഒരു IAS ഉദ്യോഗസ്ഥനാകണം. ഇതെല്ലാം സാധിച്ചു തന്ന ദൈവത്തോട് നന്ദി പറയുന്നു.

എഞ്ചിനീയറിംഗ് കഴിഞ്ഞു 1989-ൽ ബോംബെയിൽ ഒരു വർഷത്തിലധികം വിവിധ കമ്പനികളിൽ ജോലി ചെയ്തു. ആദ്യത്തെ രണ്ടു രണ്ടര മാസക്കാലം ജോലിക്കു വേണ്ടി തെണ്ടി നടക്കുന്നത് കണ്ടപ്പോൾ എന്റെ നാട്ടുകാരനും അച്ഛന്റെ സുഹൃത്തുമായ മോഹൻദാസ് അങ്കിൾ ( ധന്യ സൂപ്പർ മാർക്കറ്റ് ഉടമ ) വെറുതെ ഇരുന്നു ഭ്രാന്ത് പിടിക്കേണ്ട, എന്റെ സൈക്കിൾ നിർമാണ കമ്പനിയിൽ വന്നു പണി പഠിക്ക് എന്ന് പറഞ്ഞു. അദ്ദേഹമാണ് ആദ്യ ജോലി തന്നതും അടുത്ത ജോലി കിട്ടിയപ്പോൾ ആദ്യ ശമ്പളമായി 500 രൂപ തന്നതും. റിഫൈനറികളും ആഴക്കടൽ റിഗ്ഗുകളും മർച്ചന്റ് നേവിയും ആണ് അന്നും ഇന്നും നല്ല ശമ്പളം - പ്രത്യേകിച്ച് ഒരു കെമിക്കൽ എൻജിനീയർക്കു – ലഭിക്കുന്നത്.

ഇവിടൊക്കെ ജോലിക്ക് കയറാനുള്ള പല ശ്രമങ്ങളും നടക്കാതെ വന്നപ്പോൾ വിദേശത്ത് പോകാം എന്ന ചിന്ത വന്നു. ആദ്യ ഓഫർ വന്നത് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്നാണ്. പോയാൽ ജീവനോടെ തിരിച്ചു വരില്ല എന്ന് കൂട്ടുകാർ പറഞ്ഞതിനാൽ ട്രാവൽ ഏജന്റിനോട് ഗൾഫിലെ റിഫൈനറികളിൽ ജോലി നോക്കാമോ എന്ന് അഭ്യർത്ഥിച്ചു. അപ്പോഴേക്കും വീട്ടിലെ സ്ഥിതി മാറിയിരുന്നു. കോൺഗ്രസ് പാർട്ടിക്കു ആലപ്പുഴയിൽ ലേബൽ ഉണ്ടാക്കിയ തച്ചടിക്കു 1987-ലെ തെരഞ്ഞെടുപ്പിൽ ആ പാർട്ടി സീറ്റ് നിഷേധിച്ചു. അതോടുകൂടി അദ്ദേഹത്തിന്റെ വീഴ്ചയുടെ തുടക്കം തുടങ്ങി. എന്തായാലും 1990 ൽ ഏതാണ്ടു ഒരു വർഷത്തിനു ശേഷം IAS പരീക്ഷയിൽ വിജയിക്കാതെ കേരളത്തിൽ എത്തി.

ആലപ്പുഴയിൽ ഒരു ചെറിയ കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലിക്ക് കയറി. അങ്ങനെ ഇരിക്കുമ്പോൾ അകന്ന ഒരു ബന്ധു കൂടിയായ ട്രാവൽ ഏജന്റ് ബോംബെയിൽ നിന്ന് വിളിച്ചു പറഞ്ഞു – 35,000 രൂപ വിസയ്ക്കും ടിക്കറ്റിനും കരുതി വെക്കുക, മുൻപു പങ്കെടുത്ത ഇന്റർവ്യൂവിൽ കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. വീണ്ടും ഐഎഎസ് എഴുതാനുള്ള മോഹം മാറ്റി വെക്കാൻ തീരുമാനിച്ചു. ജീവിക്കാൻ കാശില്ലാത്ത സാഹചര്യത്തിൽ IAS പരീക്ഷ എഴുതിയാലും കിട്ടില്ല എന്ന് ഉറപ്പായിരുന്നു. കുവൈറ്റിൽ പോകുന്നത് ദിവാസ്വപ്നം കണ്ട് കൊണ്ട് നടക്കുന്ന ഒരു ദിവസം ഇടിത്തീ പോലൊരു വാർത്ത വന്നു – കുവൈറ്റിനെ ഇറാഖ് ആക്രമിച്ചു. ആ മോഹവും അങ്ങനെ പൊലിഞ്ഞു. അപ്പോഴേക്കും സാമപത്തികമായും കുടുംബം തകർന്നിരുന്നു.

കുടുംബത്തിൽ കടം ഉച്ചസ്ഥായിയിൽ കയറിനിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു തൊണ്ണൂറുകളുടെ ആദ്യം. ആത്മഹത്യയെ കുറിച്ച് കാര്യമായി ചിന്തിച്ച ദിവസങ്ങളായിരുന്നു അതൊക്കെ. എന്തായാലും ഇതിനിടയിൽ എഴുതിയ 3 പരീക്ഷകളിൽ മൂന്നിലും വിജയിച്ചു. LIC- യിലെ അഡ്മിനിസ്ട്രേടിവ് ഓഫീസർ ജോലി ടെക്നിക്കൽ അല്ലാത്തതിനാൽ താല്പര്യമില്ലായിരുന്നു. ഒറീസയിലെ Coal ഇന്ത്യയിലോ അതോ ആസ്സാമിലെ GAIL pipeline കമ്പനിയിലോ - ഏതെങ്കിലും ദുർഘട സ്ഥലങ്ങളിൽ ഒന്നിൽ പോകാം എന്ന് ഉറച്ച് മനസ്സിനെ പാകപ്പെടുത്തുമ്പോഴാണ് ഞാൻ പഠിച്ചു വളർന്ന തിരുവനന്തപുരത്തുള്ള കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് കൊച്ചിൻ യൂണിവേഴ്സിറ്റി വഴി നടത്തിയ പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ മൂന്നാമതായി വരുന്നതും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ കടമ്പകൾ കടന്നു ജോലി കിട്ടുന്നതും.

അവിടുന്നാണ് ഡെപ്യൂട്ടേഷനിൽ സംസ്ഥാന സർവ്വീസിലും പിന്നീട് മൂന്നാം റാങ്ക് വാങ്ങി ഡെപ്യൂട്ടി കളക്ടർ ആയി വരുന്നതും അതിൽ ജോലി ചെയ്യുമ്പോൾ IAS ലഭിക്കുന്നതും.IAS ലഭിക്കാൻ കാരണം ശ്രീ. PJ തോമസ് ഐഎഎസ് എന്ന ശുദ്ധനായ മനുഷ്യനുമായുള്ള ആകസ്മികമായ കണ്ടു മുട്ടലാണ്. 2005 -ൽ കേരളത്തിലെ SSLC പരീക്ഷയിൽ ആദ്യമായി IT@SCHOOL പദ്ധതിയിലൂടെ IT പരീക്ഷ ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. കേസിന് വേണ്ടി ഹൈക്കോടതിയിൽ പോകുമ്പോൾ ആണ് പാമോയിൽ കേസുമായി ബന്ധപ്പെട്ട് തോമസ് സാർ എന്ന മനുഷ്യനെ കാണുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടി എന്നല്ലാതെ അദ്ദേഹത്തിന് എന്റെ പേരുപോലും മനസ്സിലായി എന്ന് തോന്നിയിട്ടില്ല. അദ്ദേഹം അന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു.

ശ്രീ. ET മുഹമ്മദ് ബഷീർ ആയിരുന്നു എന്റെ മന്ത്രി. ഒരു ദിവസം തോമസ് സാറിന്റെ ഒരു ഫോൺ കോൾ വന്നു “ നിങ്ങളാണോ ഈ IT@SCHOOL – ന്റെ ഡയറക്ടർ. എന്താണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത് ഈ എഡുസാറ്റ്? താൻ വന്നു എന്നെ ഒന്ന് 'എഡുക്കേറ്റ്' ചെയ്യണം”. അദ്ദേഹം ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി ആയി തിരികെ വന്നതിന് ശേഷം ആയിരുന്നു അത്. ഈ വിളിയിൽ നിന്ന് തുടങ്ങിയ പരിചയം വളർന്നു. കേരളത്തിൽ ഇന്ത്യയുടെ മഹാനായ പുത്രൻ രാഷ്ട്രപതി ശ്രീ. അബ്ദുൾ കലാം വന്നു എഡുസാറ്റ് നെറ്റുവർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ തോമസ് സാർ എന്നെ ഒരു സുഹൃത്തിനെ പോലെ കാണുന്നതിൽ വരെ എത്തിച്ചു ആ അടുപ്പം.

അടുത്ത വർഷം, വിക്ടർസ് ചാനൽ ഉത്‌ഘാടനം ചെയ്യാൻ തയാറെടുക്കുമ്പോൾ വീണ്ടും ഒരു ഫോൺ കോൾ, എഡോ താൻ തന്റെ ബയോഡാറ്റ ഒന്ന് കൊണ്ടുവാ. വൈകുന്നേരം കണ്ടപ്പോൾ എന്നോട് പറഞ്ഞു തന്നെ ഞാൻ നോൺ-സ്റ്റേറ്റ് സിവിൽ സർവീസ് കോട്ടയിൽ IAS നു പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയാണ്. സംസ്ഥാന സർവീസിൽ എനിക്കുള്ള 9 കൊല്ലത്തിൽ 3 കൊല്ലത്തിൽ അധികം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് ജോലി ചെയ്തത് എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം നിയമം എടുത്തു കാണിച്ചു പറഞ്ഞത് “ continuous 8 year service in a gazetted post equivalent to Dy Collector”, അത് മതി യോഗ്യത ആയി എന്നാണ്. ഇതിന്റെ പ്രോസസ്സിംഗ് നടക്കുമ്പോൾ എനിക്ക് ഡെപ്യൂട്ടി കളക്ടർ ആയി അഡ്വൈസ് വരികയും റെവന്യൂ ഡിപ്പാർട്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഡെപ്യൂട്ടി കളക്ടറായി ജോയിൻ ചെയ്തില്ലെങ്കിൽ സീനിയോറിറ്റി പോകുമെന്നതിനാൽ ഞാൻ IAS നോമിനേഷന്റെ പുറകെ പോയില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യവും എനിക്കെതിരായിരുന്നു. ബാബു പോൾ എന്ന പേര് പണ്ടുമുതലേ കേട്ടിരുന്നെങ്കിലും അദ്ദേഹവുമായി അടുപ്പം വരുന്നത് ഡെപ്യൂട്ടി കളക്ടർ പരീക്ഷയുടെ ഇൻറർവ്യൂവിന്റെ തലേദിവസം ഉപദേശങ്ങൾക്കായി അദ്ദേഹത്തിന് കാണാൻ പോയപ്പോൾ മുതലാണ്. സാറിന്റെ പ്രിയങ്കരിയായ ഭാര്യ മരിച്ചശേഷം ഒരു സെക്യൂരിറ്റിയും സാറും മാത്രം ആ വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നി.

അത് മാത്രമല്ല കാരണം. അദ്ദേഹവുമായി സംസാരിക്കുമ്പോൾ സർവീസിനെപ്പറ്റിയും അതിനേക്കാളുപരി ലോകത്ത് നടക്കുന്ന പലകാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രസകരമായ വിശകലനം കേൾക്കാനുള്ള താല്പര്യം കൂടിയായിരുന്നു ആ നിത്യ സന്ദർശനത്തിന് പിന്നിൽ. ഡെപ്യൂട്ടി കളക്ടറായി ജോയിൻ ചെയ്ത കാര്യം അദ്ദേഹത്തെ കണ്ടു പറഞ്ഞിരുന്നു. കുറെ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ഫോണിലൂടെ വിളിപ്പിച്ചു. ചെന്ന ഉടനെ തന്നെ ഒരു ചോദ്യം -- തോമസ് തന്നെ നോമിനേറ്റ് ചെയ്തിട്ടും താൻ അത് ഫോളോ അപ്പ് ചെയ്യാതെ എന്തിന് ഡെപ്യൂട്ടി കളക്ടർ ആയിട്ട് ജോയിൻ ചെയ്തു.

സാഹചര്യമൊക്കെ വിശദീകരിച്ചു. അദ്ദേഹം ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു - താൻ ഇപ്പോൾ ഒരു ഡെപ്യൂട്ടി കളക്ടർ ആണ്. തന്റെ ലീൻ റവന്യു വകുപ്പിൽ സ്ഥിരപ്പെടണം എങ്കിൽ അവിടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ടതായിട്ടുണ്ട്. ആയതിനാൽ സാങ്കേതികമായി താൻ ഇപ്പോഴും ഫാക്ടറി വകുപ്പിൽ, അതായത് നോൺ-സ്റ്റേറ്റ് സിവിൽ സർവ്വീസിൽ lien ഉള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് അടുത്ത പ്രാവശ്യം തന്റെ സെക്രട്ടറിയെ കൊണ്ട് വീണ്ടും നോമിനേറ്റ് ചെയ്യിപ്പിക്കണം. ഡോ. നിവേദിത.പി. ഹരനാണു പ്രിൻസിപ്പൽ സെക്രട്ടറി.

മാഡത്തിനോട് സ്വന്തം കാര്യം പറയാൻ വിഷമമുണ്ടു എന്ന് അറിഞ്ഞപ്പോൾ അന്നത്തെ സർവ്വേ ഡയറക്ടർ ആയിരുന്ന എന്റെ ബോസ് ഡോ. രവീന്ദ്രൻ ഐഎഎസ് ആ ചുമതല ഏറ്റെടുത്തു. രവീന്ദ്രൻ സാർ അന്നത്തെ ലാൻഡ് റവന്യു കമ്മിഷണർ ആയ നീല ഗംഗാധരൻ മാഡത്തെയും നിവേദിത മാഡത്തെയും കണ്ടു കാര്യം പറഞ്ഞു . നിവേദിത മാഡം സിആറും മറ്റുള്ള രേഖകളും കാണണം എന്ന് അവശ്യപ്പെടുകയും ഞാൻ രേഖകൾ കാണിക്കുകയും ചെയ്തു. വകുപ്പ് തലവൻ നൽകുന്ന ഇന്റെഗ്രിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

അടുത്ത കൊല്ലത്തെ ഐഎഎസ് സെലക്ഷനിലേക്ക് CLR നിർദ്ദേശിക്കുകയും പ്രിൻസിപ്പൽ സെക്രട്ടറി എന്നെ നോമിനേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ആയി ലീൻ സംബന്ധിച്ചു വിശദമായ ഒരു കത്തും ചീഫ് സെക്രട്ടറിക്കു നൽകി. എന്നാൽ ഗവൺമെൻറ് എന്റെ deputation റെഗുലർ സർവീസ് അല്ല എന്ന് പറഞ്ഞു നോമിനേഷൻ നിരസിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ ഞാൻ കോടതിയിൽ പോവുകയും ഒന്നര വർഷത്തെ നീണ്ട നിയമ യുദ്ധത്തിന് ശേഷം കോടതികളുടെ അനുകൂല ഉത്തരവ് വാങ്ങി യുപിഎസ് സി ഇൻറർവ്യൂവിൽ പങ്കെടുത്തു. പങ്കെടുത്ത പത്ത് പേരിൽ ആദ്യത്തെ റാങ്കുകാരനായി വരികയും ചെയ്തു. IAS കിട്ടിയിട്ടും വർഷങ്ങളോളം പലരും കേസ് കൊടുത്തു.

ചില കാര്യങ്ങൾ കോടതികൾ പരിശോധിച്ചില്ല എന്ന് പറഞ്ഞു CAT- ലേക്ക് ഹൈക്കോടതി കേസ് റിമാൻഡ് ചെയ്തു. എന്തിനേറെ, ഒരു ജയിൽ പുള്ളി പോലും ഞാൻ തെറ്റായ കാര്യങ്ങൾ ആണ് കോടതിയിൽ കൊടുത്തതെന്ന് പറഞ്ഞ് കേസിൽ ചേരാൻ ശ്രമം നടത്തി. കേസെല്ലാം തള്ളി പോയപ്പോൾ ഈ ജയിൽ പുള്ളിയുടെ സിവിൽ സർവീസിലുള്ള കൂട്ടുകാരാണ് ഞാൻ വ്യാജ രേഖ ചമച്ചാണ് ഐഎഎസ് നേടിയത് എന്ന് പറഞ്ഞു 8 വർഷം മുൻപ് പത്രസമ്മേളനം നടത്തിയതും കേന്ദ്രത്തിനെക്കൊണ്ട് ഇപ്പോൾ ക്യാൻസൽ ചെയ്യിക്കും എന്ന് ഭീഷണി പെടുത്തിയതും . എന്തായാലും ഇതിനു വേണ്ടി എന്നെ ശുപാർശ ചെയ്ത റവന്യൂ കമ്മിഷണർ നീല ഗംഗാധരൻ മാഡം, പ്രിൻസിപ്പൽ സെക്രട്ടറി Dr. നിവേദിത പി ഹരൻ മാഡം - ഇവരോടൊക്കെയുള്ള കടപ്പാട് മരണം വരെ ഉണ്ടാകും.

ഇവർ മാത്രമല്ല, എന്നെ ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിൽ റെഗുലറൈസ് ചെയ്ത ഉത്തരവിൽ “ Considering his exceptionally efficient services, govt is pleased to absorb … “ എന്ന് എഴുതി ചേർത്ത ഇപ്പോഴത്തെ ബംഗാൾ ഗവർണർ Dr.ആനന്ദബോസ് സാർ, ഞാൻ HLL ലേക്ക് തിരിച്ചു പോകാതെ സംസ്ഥാന സർവീസിൽ നിൽക്കണം എന്ന് നിർബന്ധിച്ച ഫാക്ടറീസ് ഡയറക്ടർ KM ആമാനുള്ള സാർ, തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥരോടുള്ള കടപ്പാട് മറക്കാൻ പറ്റില്ല.

ഉദ്യോഗസ്ഥരേക്കാൾ ഉപരി എന്നെ കോളേജിൽ പഠിക്കുന്ന കാലം മുതൽ സ്നേഹിക്കുകയും എന്റെ ഗോഡ് ഫാദർ ആയും വഴികാട്ടിയായും ഇന്നും പ്രവർത്തിക്കുന്ന മുൻ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടറും FRAT പ്രസിഡന്റും ഒക്കെ ആയിരുന്ന ഭാസ്കര പണിക്കർ സാറിന് എന്റെ ജീവിതത്തിൽ എന്റെ അച്ഛന്റെ സ്ഥാനമാണ് ഉള്ളത്. ജീവിതത്തിലെ വീഴ്ചകളിൽ ഏറ്റവും ധൈര്യം പകർന്നു തന്നിട്ടുള്ളത് അദ്ദേഹമാണ്. രണ്ടാമത് സിവിൽ സർവീസ് പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞപ്പോൾ നീ ജോലിക്ക് പോകാതെ ഡൽഹിക്ക് പോയി പഠിക്ക് – അതിനുള്ള കാശ് ഞാൻ തരാം എന്ന അദ്ദേഹത്തിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ എന്ന് പിന്നീട് പലപ്പോഴും നഷ്ടബോധത്തോടെ ആലോചിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ജോലി കഴിഞ്ഞു വൈകുന്നേരം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിലെ മതിലിൽ ഇരുന്നു സമയം കളയുമ്പോൾ ഞാൻ ഇടക്കിടെ സെക്രട്ടറിയേറ്റ് കെട്ടിടത്തിലേക്ക് നോക്കി നെടുവീർപ്പോടെ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തിരുന്നു. ഈ തണലും സ്നേഹവും ഒരിക്കലും ഞാൻ മറക്കില്ല. കേവലം ഏഴു മാസക്കാലമേ കൃഷി വകുപ്പിൽ പ്രവർത്തിച്ചുള്ളുവെങ്കിലും കർഷകരുടെ കുടുംബത്തിൽ നിന്ന് വന്നതിനാൽ കൃഷിയോട് വലിയ താല്പര്യമായിരുന്നു. പണിക്കർ സർ മാത്രമല്ല ഇതിനുള്ള inputs നൽകിയത്. നല്ലൊരു കൃഷിക്കാരൻ എന്ന് പറഞ്ഞാൽ പറ്റില്ല, ശാസ്ത്രീയമായി കൃഷിചെയ്യുന്ന കൃഷിക്കാരൻ ആയ എന്റെ ഇപ്പോഴത്തെ മന്ത്രി ശ്രി കൃഷ്ണൻകുട്ടിയും എനിക്ക് ഈ കാര്യത്തിൽ ഗുരു തുല്യനാണ്. അദ്ദേഹത്തിനെ കൃഷി സ്ഥലങ്ങളും, രീതികളും, അദ്ദേഹം ഉണ്ടാക്കിയ അഗ്രോ സർവീസ് സെന്ററും മാതൃകയാക്കിയായിരുന്നു കൃഷി വകുപ്പിലെ എന്റെ പ്രവർത്തനം.

നല്ല മണ്ണോ വെള്ളമോ ഇല്ലാത്ത ഇസ്രായേൽ ശാസ്ത്രീയമായി എങ്ങനെ കൃഷി ചെയ്തു എന്ന് മനസ്സിലാക്കാൻ ക്ലിഫ് ലവ് എന്ന വിദഗ്ദ്ധനെ കൊണ്ടുവന്നു കൃഷ്ണൻ കുട്ടി സാറിന്റെ നേതൃത്വത്തിൽ ചിറ്റൂരിലെ കർഷകർക്ക് ക്ലാസ് എടുക്കുകയുണ്ടായി. ഇസ്രായേൽ വിദഗ്ദ്ധനെ കൊണ്ടുവന്നതും കൃഷി വകുപ്പിൽ നിന്നും പുറത്തു പോകാൻ ഒരു കാരണമായി. ചെറുപ്പത്തിൽ കർഷകരോടൊപ്പം കാളെ പൂട്ടുന്നതും മുട്ടോളം വെള്ളത്തിൽ ട്രാക്ടർ ഓടിച്ചു നിലം ഉഴുന്നതും വർഷങ്ങളോളം ചെയ്തിട്ടുള്ള ഞാൻ 3 വർഷമെങ്കിലും ആ വകുപ്പിൽ ഇരുന്നിരുന്നെകിൽ കാർഷിക രംഗത്തു ശാസ്ത്രീയ രീതികൾ കൊണ്ട് വരാൻ കർഷകരെ പഠിപ്പിക്കാമായിരുന്നു. ഒരു വകുപ്പിൽ നിന്നും ഇറങ്ങി പോകുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെകിൽ അങ്ങനെയുള്ള ഒരു വകുപ്പാണ് ഞാൻ ഇഷ്ടപ്പെട്ട കൃഷി വകുപ്പ്.

2001-ൽ IT@SCHOOL തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്ക് അതിന്റെ സ്വീകാര്യത വർധിച്ചു വന്നു. അപ്പോൾ കുത്തക കമ്പനി ആയ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയർ സ്കൂളിൽ പഠിപ്പിക്കുന്നതിനെതിരെ ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എതിർപ്പുണ്ടായി. മുഖ്യമന്ത്രി ശ്രീ. EK നായനാരുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. PJ ജോസഫ് ആണ് Intel-മൈക്രോസോഫ്റ്റ് പദ്ധതി നടപ്പാക്കാൻ 2000-ത്തിൽ തീരുമാനം എടുത്തത്. അതനുസരിച്ച് വ്യാപകമായ അധ്യാപക പരിശീലനവും നടന്നിരുന്നു.

എന്തായാലും 2002-ൽ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് എട്ടാം ക്ലാസ്സിൽ പഠനം തുടങ്ങിയതിനാലും ഫ്രീ സോഫ്റ്റ് വെയർ അത്ര പ്രചാരണത്തിൽ അന്ന് അല്ലാത്തതിനാലും IT@SCHOOL പ്രോജക്റ്റ് പ്രവർത്തകർ -- പ്രധാനമായും ഇടതു പക്ഷ സംഘടനയായ കെ എസ് ടി-യിലെ അധ്യാപകർ -- അത് അവഗണിച്ചു. സത്യം പറഞ്ഞാൽ പ്രോജക്ട് ഡയറക്ടർ ആയ എനിക്കും ഫ്രീ സോഫ്റ്റ് വെയറിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വലിയ ധാരണയില്ലായിരുന്നു. എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദിവസം പ്രതിപക്ഷ നേതാവായ ശ്രീ. VS അച്യുതാനന്ദൻ നിയമസഭയിൽ ഒരു ബോംബ് പൊട്ടിച്ചത്. ഞാനും വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയും കൂടി മൈക്രോസോഫ്റ്റിൽ നിന്നും 25 കോടി രൂപ കൈക്കൂലി വാങ്ങി എന്ന്. വിഎസ്ന്-ന്റെ വാക്കുകൾക്ക് കേരളം വലിയ വില കൊടുക്കുന്ന കാലം.

എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നപ്പോൾ ആണ് ശ്രീ. PT തോമസ് MLA എന്നെ ഫോണിൽ വിളിക്കുന്നത്. നിങ്ങളെ പോലെ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കേണ്ടത് എന്നെ പോലുള്ളവരുടെ ചുമതലയാണ് എന്ന് പറഞ്ഞു. അദ്ദേഹം നിയമസഭയിൽ നായനാരുടെ കാലത്ത് ഉണ്ടാക്കിയ കരാറും ഒക്കെ പറഞ്ഞു എന്നെ നിയമസഭയിൽ വലിയ രീതിയിൽ പിന്തുണച്ചു സംസാരിച്ചു. എന്തായാലും പ്രതിസന്ധി ഘട്ടത്തിൽ പിടി യുടെ പിന്തുണ വലുതായിരുന്നു. അതോടൊപ്പം പത്രക്കാരായ രെഞ്ചി കുര്യക്കോസും MB സന്തോഷും ഈ പദ്ധതിയുടെ നിജ സ്ഥിതി പത്രങ്ങളിലൂടെ പുറത്തു കൊണ്ട് വന്നു. മറ്റു പല പത്ര പ്രവർത്തകരും പത്രങ്ങളും ഈ അവസരത്തിലും പിന്നീടും എന്നെ വളരെ അധികം പിന്തുണച്ചിട്ടുണ്ട് .

പേര് പറഞ്ഞാൽ ഒരു പേജ് 8 കോളം വേണം അവരുടെ പേര് എഴുതാൻ. ഞാൻ വിഎസ്-നെ നേരിൽ കണ്ടു കാര്യം പറഞ്ഞപ്പോൾ പിന്നെ അദ്ദേഹം ആ ആരോപണം കൂടുതൽ കാലം ഉയർത്തി പിടിച്ചില്ല. IT @ SCHOOL ന്റെ ആദ്യകാലം മുതൽ പ്രവർത്തിക്കുകയും പിന്നീട് എന്റെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവർത്തിക്കുകയും ചെയ്ത ഒരു അധ്യാപകൻ പിന്നിൽ നിന്ന് കുത്തിയതാണ് ഈ വിവാദങ്ങൾക്കെല്ലാം കാരണം മനസ്സിലാക്കിയപ്പോൾ വലിയ മനോവിഷമം ഉണ്ടായില്ല . എന്റെ അച്ഛന്റെ കൂടെ നിന്നവർ അദ്ദേഹത്തിന്റെ കൈയ്യിലുള്ള സമ്പാദ്യം ഉൾപ്പെടെ ഊറ്റി അദ്ദേഹത്തെ ചണ്ടിയാക്കി മരുന്ന് വാങ്ങിക്കാനോ നല്ല ട്രീറ്റ്മെൻറ് കൊടുക്കാനോ കാശില്ലാതെ മരിക്കുന്നതു കണ്മുൻപിൽ കണ്ടതിനാൽ പിന്നിൽ നിന്നുള്ള ഈ കുത്തു നിസ്സാരമായിരുന്നു. പക്ഷേ ഒരു ഗുണം ഉണ്ടായതു മൈക്രോ സോഫ്റ്റ് വിവാദം കാരണം ആദ്യം തന്നെ നല്ലപോലെ നനഞ്ഞതു കാരണം പിൽക്കാലത്ത് എന്ത് കേട്ടാലും കുളിരൊന്നും ഏൽക്കാതായി എന്നതാണ്.

അതുകൊണ്ട് തന്നെ നിരവധി വിജിലൻസ് കേസുകളും മാധ്യമങ്ങളിൽ ആരോപണങ്ങളും വന്നപ്പോൾ ഞാൻ എന്റെ ഇമേജിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചില്ല. എന്തായാലും 25 കോടി രൂപയുടെ കൈക്കൂലി, വ്യാജ ഐഎഎസ് തുടങ്ങിയ നിരവധി ആരോപണങ്ങൾ പത്രമാധ്യമങ്ങളിലും അല്ലാതെയും ഒക്കെ വന്നു കഴിഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ഞാൻ ആലോചിച്ചു വിഷമിക്കുന്ന സ്വഭാവം ഇല്ലാതായി.

ഫേസ്ബുക്കിൽ എനിക്ക് എത്ര ലൈക്ക് കിട്ടി എന്നോ എന്തിന് എന്താണ് കമന്റ് എന്ന് പോലും വായിക്കാറില്ല. ഞാൻ ആരാണെന്ന് എന്റെ കുടുംബാംഗങ്ങളും എന്റെ അടുത്ത സുഹൃത്തുക്കൾക്കും എന്റെ കൂടെ ഒറ്റ ടീമായി വിവിധ വകുപ്പിൽ നിന്നിട്ട് പ്രവർത്തിച്ച എന്റെ സഹപ്രവർതകർക്കും ഞാൻ മുൻപ് പേര് പറഞ്ഞിട്ടുള്ളതും അല്ലാത്തതുമായ എന്റെ സീനിയർ ഉദ്യോഗസ്ഥർക്കും വ്യക്തമായി അറിയാം. അവരുടെ സർട്ടിഫിക്കറ്റ് മാത്രം മതി - കർമ്മം ചെയ്യുക ഫലം ഇച്ഛിക്കാതെ എന്ന ഗീതാവചനമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. വിരമിക്കൽ ദിനം വരെ ഞാൻ ഔദ്യഗിക കാര്യങ്ങളിൽ തീരുമാനം എടുക്കുന്നുണ്ട്.

പിന്നീടും ഞാൻ പറയാതെ തന്നെ ദേവദൂതനെ പോലെ പിടി തോമസ് എന്റെ ഔദ്യോഗിക ജീവിതത്തിൽ കടന്നു വന്നു. ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ മൂന്നാംറാങ്ക് വാങ്ങിയപ്പോൾ അറിയുന്നു വേക്കൻസി ധാരാളം ഉണ്ടെങ്കിലും അത് റിപ്പോർട്ട് ചെയ്യാൻ റവന്യു വകുപ്പ് തയാറാകുന്നില്ല. അന്ന് കോൺഗ്രസ് ആണ് ഭരിക്കുന്നതെന്നും എന്റെ അച്ഛൻ ആ പാർട്ടിയുടെ ഉന്നത നേതാവായിരുന്നു എന്നും ഓർക്കണം. എല്ലാവർക്കും റവന്യൂ സ്റ്റാഫിന്റെ സംഘടിത ശക്തിയെ മറികടക്കാൻ മടി. അത് കൊണ്ട് തന്നെയാണ് KAS കേരളത്തിൽ ഈ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നവരെ വരാതിരുന്നതും.

ഫലത്തിൽ മൂന്നാം റാങ്ക് വാങ്ങിയിട്ടും ഒരു കൊല്ലമായി വേക്കൻസി റിപ്പോർട്ട് ചെയ്യുന്നില്ല. എന്റെ അച്ഛന്റെ സുഹൃത്തും ഞാൻ എന്റെ ചെറുപ്പകാലം മുതൽ അങ്കിൾ എന്ന് വിളിക്കുന്ന ഒരു പ്രമുഖ മന്ത്രി പറഞ്ഞത് നിങ്ങൾ പറയുന്നത് പോലെ സൂപ്പർ ന്യൂമററി പോസ്റ്റ് ഉണ്ടാക്കി റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ല എന്നാണ്. ഹൈകോടതിയിൽ നടക്കുന്ന കേസിൽ വേക്കൻസി എത്ര എന്ന് അറിയിക്കാത്തത് കാരണം പോസ്റ്റിങ്ങ് നീണ്ടു പോവുകയാണ്. ഈ വിവരം പിടി തോമസ് എങ്ങനെയോ അറിഞ്ഞു. ഒരു ദിവസം അദ്ദേഹം കെപിസിസി യോഗത്തിൽ എല്ലാവരോടും ചോദിച്ചു “ ആയ കാലത്ത് ഈ പാർട്ടിയെ സഹായിച്ച തച്ചടിയുടെ മകൻ മൂന്നാം റാങ്ക് വാങ്ങിച്ചിട്ടും കോൺഗ്രസുകാർ ഭരിക്കുന്ന ഈ സമയത്ത് അയാൾക്ക് എന്ത് കൊണ്ട് പോസ്റ്റിങ്ങ് കൊടുക്കുന്നില്ല”. ഇത് കേട്ട രമേശ് ചെന്നിത്തല എന്നെ വിളിച്ചു.

ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തണം എന്ന് പറഞ്ഞു. ഞാൻ പോകാൻ മടിച്ചപ്പോൾ പിടി തോമസ് എന്റെ ഓഫീസിൽ വന്നു നിർബന്ധമായി എന്നെയും കൂട്ടി ചെന്നിത്തലയുടെ ഒപ്പം മുഖ്യമന്ത്രിയെ കണ്ടു. എത്ര വേക്കൻസി ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യാൻ റവന്യൂ കമ്മിഷണർക്ക് നിർദ്ദേശം നൽകി. കമ്മിഷണർ ആയ അൽഫോൺസ് കണ്ണംതാനം സാർ കിണഞ്ഞു പരിശ്രമിച്ചിട്ടും എത്ര വെക്കൻസി ഉണ്ടെന്ന് താഴെ നിന്ന് അദ്ദേഹത്തിന് കൊടുക്കുന്നില്ല. അദ്ദേഹം കേരളത്തിലെ ഓരോ കളക്ടറേറ്റിലും വിളിച്ചു നിലവിലുള്ള പോസ്റ്റിന്റെ കണക്കെടുത്തു ഹൈക്കോടതിയിൽ കൊടുത്തതു കൊണ്ട് മാത്രമാണ് റാങ്ക് ലിസ്റ്റ് വന്നിട്ടു ഒരു കൊല്ലവും 8 മാസത്തിനു ശേഷം എനിക്ക് ഡെപ്യൂട്ടി കളക്ടർ ആകാൻ സാധിച്ചത്. അന്ന് ഞങ്ങൾ കൊടുത്ത കണക്കു അനുസരിച്ചു 182 പോസ്റ്റ് ഉണ്ടായിരുന്നെകിലും 113 പോസ്റ്റ് മാത്രം ഉണ്ടെന്ന കണക്ക് അദ്ദേഹം എത്ര പരിശ്രമിച്ചിട്ടും സർക്കാരിന് രേഖാമൂലം കൊടുക്കാൻ സാധിച്ചിട്ടുള്ളു. ഇവരോടൊക്കെ നന്ദി പറയുന്നതിനൊപ്പം ഞങ്ങൾക്ക് വേണ്ടി കേസ് വാദിച്ച യശശരീരനായ കൈമൾ വക്കീലിനെയും നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്.

2000-ത്തിൽ എന്നെ സംസ്ഥാന സർവീസിൽ സ്ഥിരപ്പെടുത്താൻ ഉത്തരവ് നൽകിയ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.പി രാമകൃഷ്ണപിള്ള – എന്റെ അച്ഛനുമായുള്ള സുഹൃത് ബന്ധത്തിന്റെ പേരിൽ എനിക്ക് കിട്ടിയ ഒരേ ഒരു രാഷ്ട്രീയ സഹായം അദ്ദേഹത്തിൽ നിന്ന് മാത്രമാണ്. അച്ഛൻ രോഗാവസ്ഥയിൽ ഗുരുതരമായി കിടക്കുമ്പോഴായിരുന്നു അതിന് വേണ്ടിയുള്ള ഉത്തരവ് അദ്ദേഹം ഇട്ടത്........2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com