

ചാലക്കുടി: കേരളത്തില്‍നിന്നു പഴയ മോഡല്‍ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടില്‍ ബ്ലാക്ക്മാന്‍ നസി എന്നറിയപ്പെടുന്ന നസീര്‍ (43) ആണ് പിടിയിലായത്.
ചാലക്കുടി ആനമല ജംഗ്ക്ഷനില്‍ നിന്നും ഒരു മാസം മുന്‍പ് കൂടപ്പുഴ സ്വദേശിയായ വ്യാപാരിയുടെ കടയുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷണം പോയിരുന്നു. തുടര്‍ന്ന് ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലും പല സ്ഥലത്തു നിന്നും ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയി കൊണ്ടിരുന്നു.
പ്രളയത്തെ തുടര്‍ന്ന് ടൗണിലെ നിര്‍ണായക സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായത് അന്വേഷണത്തെ ബാധിച്ചു. പ്രധാന നിരത്തുകളിലും മറ്റും ലഭ്യമായ വ്യക്തമല്ലാത്ത ദൃശ്യങ്ങളിലെ മുഖം മറച്ച മോഷ്ടാവിനെ പിന്തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സിസിടിവി കാമറകള്‍ ഒഴിവാക്കാന്‍ പ്രധാന നിരത്തുകള്‍ ഒഴിവാക്കിയായിരുന്നു മോഷ്ടാവിന്റെ യാത്ര. ഇതിന്റെയടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിരുന്നയാളാണ് മോഷ്ടാവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. തുടര്‍ന്ന് ഒരു സംഘം മുന്‍കാല കുറ്റവാളികളെ നിരീക്ഷിച്ച് വരികയും മറ്റൊരു സംഘം നിരത്തുകള്‍ കേന്ദീകരിച്ച് പരിശോധന തുടരുകയുമായിരുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരള തമിഴ്‌നാട് അതിര്‍ത്തികളിലെ പ്രധാനനിരത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടിയില്‍ നിന്നും നൂറ്റമ്പതോളം കിലോമീറ്ററകലെ പൊള്ളാച്ചിക്കടുത്ത് ജമീന്‍ഊത്തുക്കുളിക്കു സമീപമുള്ള നഞ്ചേഗൗണ്ടന്‍പുതുരില്‍ നിന്നും പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
നസീര്‍ വാല്‍പ്പാറയ്ക്ക്‌സമീപം ജനവാസം കുറവായ പുതുതോട്ടം എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം മോഷണത്തിനായി വേഷ പ്രഛന്നനായി ചാലക്കുടിയിലെത്തി മേല്‍പാലത്തിനു താഴെ നിന്നും പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രത്യേകാന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് സന്ദീപ്, എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, ജോഫി ജോസ്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, പി.എം ഷിയാസ് ,എ.യു റെജി , ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് വാഹനമോഷ്ടാവിനെ പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates