ആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 20,471 താറാവുകളെ കൊന്നൊടുക്കും. ജില്ലാ കലക്ടര്‍ വിആര്‍.കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെതാണ് തീരുമാനം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി.
പ്രദേശത്ത് ഇതുവരെ 1500ലധികം താറാവുകള്‍ ചത്തതായാണ് കണക്കുകള്‍. നാളെ മുതല്‍ താറാവുകളെ നശിപ്പിക്കും. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ നെടുമുടിയില്‍ ഏതാനും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ഇതിനായി എട്ട് ആര്‍ആര്‍ടികളെയും (റാപ്പിഡ് റെസ്പോണ്‍സ് ടീം) സജ്ജമാക്കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates