

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ഇന്ന്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 10 മണിക്ക് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. കുർബാന, നഗരികാണിക്കൽ, തുടർന്നാണ് കബറടക്കം. ചങ്ങനാശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലാണ് സംസ്കാരം.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ നിന്ന് പൗവത്തിലിൻറെ ഭൗതികശരീരം അതിരൂപതാ ഭവനത്തിൽ എത്തിച്ചു. സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്നലെ രാവിലെ ഏഴ് മണിയോടെ തുടങ്ങി. തുടർന്ന് പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം. ബുധനാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിക്കും.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ ലായിരുന്നു പൗവത്തിലിന്റെ വിയോഗം. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
1930ൽ കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചു. ഒരു പതിറ്റാണ്ടുകാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates