

തിരുവനന്തപുരം: കേരളത്തിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയതായി ബിജെപി. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ ഗ്രൂപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ വിശ്വസനീയമായ ഇന്റലിജന്‍സ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതായി ഷോണ്‍ ജോര്‍ജ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഘടകങ്ങള്‍ പങ്കെടുത്തതായി ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ഗ്രൂപ്പുകള്‍ മുമ്പ് ക്രിസ്ത്യന്‍ പള്ളികളെയും നേതാക്കളെയും ലക്ഷ്യം വച്ചിരുന്നുവെന്നും ഷോണ്‍ പറഞ്ഞു.
സഭയ്ക്കുള്ള ഇവരുടെ പെട്ടെന്നുള്ള പിന്തുണ നല്ല ഉദ്ദേശ്യത്തോടെയല്ല. സഭ നയിക്കുന്ന പ്രതിഷേധങ്ങളെ ബിജെപി ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ബിജെപി മാനുഷിക നിലപാട് ആണ് സ്വീകരിച്ചത്. ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും പാലിച്ച നിഷ്പക്ഷത മൂലമാണ് കന്യാസ്ത്രീകളുടെ ജയില്‍ മോചനം സാധ്യമായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ക്രിസ്ത്യാനികളെ ഇടതുപക്ഷം അവഗണിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഇടതുപാര്‍ട്ടികള്‍ വളരെക്കാലമായി ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത്, ക്രിസ്ത്യാനികള്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ പരിഗണന നല്‍കരുതെന്ന് ഇടതുപക്ഷം സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യം ഷോണ്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷ കമ്മീഷനില്‍ ഭാഗമാകണമെന്ന നിയമം പിണറായി സര്‍ക്കാര്‍ നീക്കം ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാ അനുപാതത്തിലായിരിക്കണമെന്ന് നിര്‍ബന്ധമാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതായും ഷോണ്‍ പറഞ്ഞു.
മുസ്ലീം സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് വളരെ വേഗത്തിലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയോഗിച്ച ജെ ബി കോശി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നു. നാലു വര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. ജെ ബി കോശി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ധൈര്യപ്പെടുന്നുണ്ടോയെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.
കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇനിയും കോണ്‍ഗ്രസിന്റെ അടിമകളായി തുടരില്ല. കേരള രാഷ്ട്രീയത്തിലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ ബിജെപി തുറന്നുകാണിക്കുക തന്നെ ചെയ്യുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
