തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ ആഭ്യന്തര തർക്കങ്ങളിലും വിഭാഗീയതയിലും ബിജെപിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടുന്നു എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും പാർട്ടിയെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ ആരെയും വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ബിജെപിയിലേക്ക് വന്നതെന്നും സുരേഷ് കൂട്ടിച്ചേർത്തു.
'അമ്മ'യുടെ നിലവിലെ പ്രസിഡന്റായ ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും എസ്. സുരേഷ് മറുപടി നൽകി. ശ്വേത മേനോൻ ബിജെപിയുടെ പ്രതിനിധിയല്ല. അവർ ഒരു ദേശീയവാദിയും നരേന്ദ്ര മോദിയുടെ ഭക്തയുമായിരിക്കാം, എന്നാൽ ബി.ജെ.പി അംഗമല്ല. മുൻപ് ഇന്നസെന്റ് 'അമ്മ'യുടെ പ്രസിഡന്റായപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നില്ല. രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും കോൺഗ്രസിനെതിരെ ബിജെപി രംഗത്തുവന്നില്ല. രാഷ്ട്രീയത്തിന് അതീതമായി സംഘടനയുടെ കാര്യങ്ങളിൽ ബിജെപി എപ്പോഴും മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഓർമ്മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates