ആ എട്ടു മണ്ഡലങ്ങളില്‍ എന്തു സംഭവിക്കും? ട്വന്‍റി 20 മാറ്റിയെഴുതുമോ, മധ്യ കേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം?

ഇത്തവണ എന്‍ഡിഎ മുന്നണിക്കൊപ്പം ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിക്ക് 19 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്
Rajeev Chandrasekhar, Narendra Modi, Sabu M Jacob
Rajeev Chandrasekhar, Narendra Modi, Sabu M Jacob
Updated on
2 min read

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ നീക്കമായിരുന്നു ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിച്ചത്. എറണാകുളം ജില്ലയില്‍ ട്വന്റി20 പിടിക്കുന്ന വോട്ടുകള്‍ ബിജെപി മുന്നണിയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ട്വന്റി 20 നേടിയത്.

Rajeev Chandrasekhar, Narendra Modi, Sabu M Jacob
'കലക്ടര്‍ ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം'; യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി 20, എറണാകുളം ജില്ലയിലെ ആറ് സീറ്റുകളില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിജെപിയെയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെയും നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ട്വന്റി20 കുതിപ്പ്. രണ്ട് സീറ്റുകളില്‍, ബിജെപിക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തുമെത്തി. ഇത്തവണ എന്‍ഡിഎ മുന്നണിക്കൊപ്പം ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിക്ക് 19 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടു ചിത്രം ഇങ്ങനെയാണ്. ബിജെപി 115 സീറ്റുകളില്‍ നിന്നായി 23,54,468 വോട്ടുകളാണ് നേടിയത്. ബിഡിജെഎസ് 21 മണ്ഡലങ്ങളില്‍ നിന്നായി 2,29,931 വോട്ടുകളും നേടിയപ്പോഴാണ്, എട്ടു സീറ്റുകളില്‍ നിന്നായി ട്വന്റി 20 1,45,664 വോട്ടുകള്‍ കരസ്ഥമാക്കിയത്.

മണ്ഡലങ്ങള്‍ തിരിച്ചുള്ള ട്വന്റി20യുടെ പ്രകടനം ഇങ്ങനെയാണ്.

കുന്നത്തുനാട് മണ്ഡലത്തില്‍ 42,701 വോട്ടുകളാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി ഡോ. സുജിത് പി സുരേന്ദ്രന്‍ നേടിയത്. 27.7 ശതമാനം വോട്ടു വിഹിതവും ട്വന്റി20 കരസ്ഥമാക്കി. കുന്നത്തുനാട്ടില്‍ ബിജെപിയുടെ രേണു സുരേഷിന് 7056 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 4.66 ശതമാനം മാത്രം. മണ്ഡലത്തില്‍ സിപിഎമ്മിന്റെ പി വി ശ്രീനിജിന്‍ 2717 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കൊച്ചി മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ഷൈനി ആന്റണി 19,676 വോട്ടു നേടി മൂന്നാമതെത്തി. 15.3 ശതമാനം വോട്ടു വിഹിതമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയുടെ സി ജി രാജഗോപാല്‍ നേടിയത് 10,991 വോട്ടുകളാണ്. വോട്ടു വിഹിതം 8.54 ശതമാനവും. മണ്ഡലത്തില്‍ സിപിഎമ്മിന്റെ കെ ജെ മാക്‌സി 14,079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പെരുമ്പാവൂര്‍ സീറ്റില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ചിത്ര സുകുമാരന്‍ 20,536 വോട്ടു നേടിയ ട്വന്റി 20 ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. വോട്ടു വിഹിതം 14.3 ശതമാനം. ബിജെപിയുടെ ടി പി സിന്ധുമോളിന് 15,135 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 10.50 ശതമാനം. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചത് 2899 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.

വൈപ്പിനില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ജോബ് ചക്കാലയ്ക്കല്‍ 16,707 വോട്ടു നേടി മൂന്നാമതെത്തി. വോട്ടു വിഹിതം 12.8 ശതമാനമാണ്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയുടെ കെ എസ് ഷൈജുവിന് 13,540 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 10.37 ശതമാനം. മണ്ഡലത്തില്‍ സിപിഎമ്മിന്റെ കെ എന്‍ ഉണ്ണികൃഷ്ണന്‍ വിജയിച്ചത് 8201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.

മൂവാറ്റുപുഴയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി അഡ്വ. സി എന്‍ പ്രകാശ് 13,535 വോട്ടുകളാണ് നേടിയത്. വോട്ടു വിഹിതം 9.4 ശതമാനം. നാലാം സ്ഥാനത്തുള്ള ബിജെപിയുടെ ജിജി ജോസഫിന് 7527 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 5.21 ശതമാനം. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്‍ 6961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കോതമംഗലത്ത് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെ പിന്തള്ളിയാണ് ട്വന്റി20 മൂന്നാമതെത്തിയത്. ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 7978 വോട്ടുകള്‍ നേടി. വോട്ടു വിഹിതം 5.9 ശതമാനം. മണ്ഡലത്തില്‍ മത്സരിച്ച ബിഡിജെഎസിന്റെ ഷൈന്‍ കെ കൃഷ്ണന് 4638 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 3.4 ശതമാനവും. മണ്ഡലത്തില്‍ സിപിഎമ്മിന്റെ ആന്റണി ജോണ്‍ 6605 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

നാലാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ

ട്വന്റി 20 നാലാം സ്ഥാനത്തെത്തിയ എറണാകുളം ജില്ലയിലെ രണ്ടു മണ്ഡലങ്ങള്‍ തൃക്കാക്കരയും എറണാകുളവുമാണ്. തൃക്കാക്കരയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകളാണ് കഴിഞ്ഞതവണ നേടിയത്. വോട്ടു വിഹിതം 10.2 ശതമാനം. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ എസ് സജിക്ക് 15,483 വോട്ടുകള്‍ ലഭിച്ചു. വോട്ടു വിഹിതം 11.34 ശതമാനം. കോണ്‍ഗ്രസിലെ പിടി തോമസ് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

എറണാകുളത്ത് ട്വന്റി 20 സ്ഥാനാര്‍ത്ഥി ലസിത പള്ളത്ത് 10, 634 വോട്ടുകള്‍ നേടി. വോട്ടു വിഹിതം 9.7 ശതമാനവും. മൂന്നാം സ്ഥാനത്തെത്തിയ പത്മജ എസ് മേനോന്‍ 16,043 വോട്ടുകള്‍ നേടി. വോട്ടു വിഹിതം 14.57 ശതമാനം. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ടി ജെ വിനോദ് 10,970 വോടേടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Rajeev Chandrasekhar, Narendra Modi, Sabu M Jacob
'കേരളത്തില്‍ സിപിഎം - ബിജെപി കൂട്ടുകെട്ട്'; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

ഇത്തവണ 19 സീറ്റിലാണ് ട്വന്റി 20 മത്സരിക്കുന്നത്. ഇതില്‍ ചാലക്കുടി, റാന്നി സീറ്റുകള്‍ 2021 ല്‍ ബിഡിജെഎസും, ശേഷിക്കുന്നവ ബിജെപിയും മത്സരിച്ച സീറ്റുകളാണ്. ട്വന്റി20 മത്സരിക്കുന്ന സീറ്റുകളില്‍ കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ തവണ 19.1 ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നു. റാന്നിയിലും തൊടുപുഴയിലും 15.4 ശതമാനം വീതവും, തൃപ്പൂണിത്തുറയില്‍ 15.3 ശതമാനവും വോട്ടു വിഹിതമാണ് ലഭിച്ചിരുന്നത്. പുനലൂര്‍- 13.8 ശതമാനം, ചാലക്കുടി - 12.2 ശതമാനം, തൃക്കാക്കര - 11.4 ശതമാനം, ഏറ്റുമാനൂര്‍ 11 ശതമാനം, പെരുമ്പാവൂര്‍ 10.6 ശതമാനം, വൈപ്പിന്‍-10.4 ശതമാനം എന്നിങ്ങനെയാണ് 10 ല്‍ കൂടുതല്‍ വോട്ടു വിഹിതം ലഭിച്ച എന്‍ഡിഎ സീറ്റുകള്‍.

Summary

The BJP's move to attract Christian votes in Kerala brought Twenty20 into the NDA front.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com