

മലപ്പുറം: ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈലിനെയാണ് പിടികൂടിയത്. അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും കൈമലി വാങ്ങവേയാണ് സെുഹൈലിനെയും ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലന്‍സ് പിടികൂടിയത്.
2017ല്‍ മലപ്പുറം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019ല്‍ ഹൈക്കോടതി വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കോവിഡ് കാരണം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കഴിയാതിരുന്ന പരാതിക്കാരന്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് നല്‍കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കവേ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ബാംഗ്ലൂരില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കി.
ഈ കേസില്‍ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനെതിരെ വേറെയും വാറണ്ടുകള്‍ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ സഹായിക്കാമെന്നും ഐഫോണ്‍ 14 വാങ്ങി നല്‍കണമെന്നും ഇന്‍സ്‌പെക്ടര്‍ സുഹൈല്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ജനുവരി രണ്ടിന് പരാതിക്കാരന്‍ ഒരു കറുത്ത ഐഫോണ്‍ 14 വാങ്ങി സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഏജന്റായ മുഹമ്മദ് ബഷീറിനെ ഏല്‍പിച്ചു.
എന്നാല്‍, കറുത്ത ഫോണ്‍ വേണ്ടെന്നും നീല നിറത്തിലുള്ള ഐഫോണ്‍ 14, 256 ജിബി തന്നെ വേണമെന്നും കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. 3.5 ലക്ഷം രൂപ ഉടനടി നല്‍കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടെന്നും നീല നിറത്തിലുള്ള ഐഫോണ്‍ 14 256 ജിബി എത്രയും വേഗം വാങ്ങിക്കൊടുക്കണമെന്നും പണം നല്‍കാന്‍ കുറച്ച് സാവകാശം വേണമെന്നും പരാതിക്കാരന്‍ അറിയിച്ചു.
തുടര്‍ന്ന് ആദ്യം വാങ്ങി നല്‍കിയ കറുത്ത ഫോണ്‍ മുഹമ്മദ് ബഷീര്‍ വഴി സബ് ഇന്‍സ്‌പെക്ടര്‍ 2023 ജനുവരി നാലിന് പരാതിക്കാരന് തിരികെ നല്‍കി. പണം നല്‍കിയില്ലെങ്കില്‍ പരാതിക്കാരന്‍ പ്രതിയായ കേസില്‍ ഇടപെട്ട് കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടര്‍ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സബ് ഇന്‍സ്‌പെക്ടറെ പിടികൂടാന്‍ നടപടികള്‍ക്കായി വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തി.
വിജിലന്‍സ് സംഘം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോണ്‍ 14 256 ജിബി വാങ്ങി സബ് ഇന്‍സ്‌പെക്ടര്‍ സുഹൈല്‍ നിര്‍ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷിമിന്റെ കൈയില്‍ കൊടുത്തയച്ചു. തുടര്‍ന്ന് സുഹൈല്‍ നിരന്തരം പരാതിക്കാരനോട് കൈക്കൂലി പണം ആവശ്യപ്പെടുകയും തുക തവണകളായി നല്‍കിയാല്‍ മതിയെന്ന് അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായി 50,000 രൂപ സബ് ഇന്‍സ്‌പെക്ടര്‍ സുഹൈലിന്റെ ആവശ്യ പ്രകാരം മുഹമ്മദ് ബഷീറിന്റെ പക്കല്‍ ഏല്‍പ്പിക്കവേ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഹമ്മദ് ബഷീറിനേയും തുടര്‍ന്ന് സുഹൈലിനേയും വിജിലന്‍സ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates