

കൊച്ചി: നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് പതിനാലുദിവസത്തേക്ക് ഷര്‍ഷാദിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്ത ഷര്‍ഷാദിനെ ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യം ചെയ്യലുകള്‍ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫിസാണ് തന്റെ അറസ്റ്റിനു പിന്നിലെന്ന് ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും പുറത്തു വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ മകനെതിരായ പരാതി ഭീഷണിപ്പെടുത്തി ഒതുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഷര്‍ഷാദ് ആരോപിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു ഷര്‍ഷാദിന്റെ പ്രതികരണം.
ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്ര സ്വദേശികളായ രണ്ടുപേരില്‍ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിനു പുറമെ കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശി ശരവണനും കേസില്‍ പ്രതിയാണ്. 2023ല്‍ ഷര്‍ഷാദ് ഡയറക്ടറായ സ്ഥാപനം കടവന്ത്ര സ്വദേശികളായ ഒരാളില്‍ നിന്ന് 30 ലക്ഷവും മറ്റൊരാളില്‍ നിന്ന് 10 ലക്ഷവും രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, 5 ശതമാനം വാര്‍ഷിക റിട്ടേണ്‍, 5 ശതമാനം ഓഹരി പങ്കാളിത്തം എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാല്‍, ഇവയില്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ആരോപിച്ച് കടവന്ത്ര സ്വദേശികള്‍ പരാതി നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates