

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബൈയിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം വൈകീട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്.
ചികില്‍സയ്ക്കും തുടര്‍ന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാള്‍ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം മുന്‍പാണ് പുതിയ ചിത്രമായ 'പാട്രിയറ്റിന്റെ' ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.
നിയമസഭയില്‍ പ്രഖ്യാപനം
കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാന്‍ കഴിഞ്ഞു എന്ന കാരണത്താല്‍ ചരിത്രത്തില്‍ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ന്റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates