ഭരണ നേട്ടങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കും എത്തിയോ?; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍, വിശദാംശങ്ങള്‍ 

മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കും
മന്ത്രിസഭാ യോഗം/ഫയല്‍
മന്ത്രിസഭാ യോഗം/ഫയല്‍
Updated on
2 min read

തിരുവനന്തപുരം:  ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം. ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 4, 7, 11, 14 തീയതികളില്‍ യഥാക്രമം കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലിസ് ഓഫീസര്‍മാരുടെ യോഗവും ചേരും.

മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കും. ആദ്യഘട്ടത്തില്‍ താഴെ പറയുന്ന പ്രവൃത്തികളാണ് പരിഗണിക്കുക.

അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി.

ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ( തുടങ്ങിയവയുടെ പുരോഗതി, മുടങ്ങിക്കിടക്കുന്നവയുണ്ടെങ്കില്‍ കാരണവും പരിഹാര നിര്‍ദ്ദേശവും, ആരംഭിക്കാനിരി ക്കുന്നവയുണ്ടെങ്കില്‍ അവയുടെ തല്‍സ്ഥിതിയും തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അവയുടെ പരിഹാര നിര്‍ദ്ദേശവും )

ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വിവിധ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പുരോഗതി (ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപാസ്, റിംഗ് റോഡുകള്‍, മേല്‍പാലങ്ങള്‍)
ജില്ലയിലെ പൊതു സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ (പൊതു വിദ്യാലയങ്ങള്‍, പൊതു ജനാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, സിവില്‍ സ്റ്റേഷനുകള്‍)

സര്‍ക്കാരിന്റെ നാല്  മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍

ലൈഫ് / പുനര്‍ഗേഹം പദ്ധതിയുടെ സ്ഥിതി വിവരം

മലയോര / തീരദേശ ഹൈവേ

ദേശീയ ജലപാത

ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍മാര്‍ ശില്പശാല സംഘടിപ്പിക്കും.

രണ്ടാം ഘട്ടം:

അവലോകന യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മൂന്നായി തരംതിരിക്കും.

a. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നവ.

b. ജില്ലകളില്‍ പരിഹരിക്കാവുന്നവ, ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ.

c. മേല്‍ 2 ഗണത്തിലും ഉള്‍പെടാത്ത സാധാരണ വിഷയമായി പരിഗണിക്കേണ്ടത്.

സെക്രട്ടറിതല അവലോകനം:

ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതാത് സെക്രട്ടറിമാര്‍ പരിശോധിച്ച് ജില്ലാതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.

മൂന്നാം ഘട്ടം:

സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയുള്ള  മൂന്നാം ഘട്ടത്തില്‍ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ യോഗങ്ങളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.

ജില്ലാ കളക്ടര്‍മാര്‍ ജില്ലാതലത്തില്‍ കണ്ടെത്തുന്ന വിവിധ വിഷയങ്ങള്‍ സമര്‍പ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകള്‍ക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തില്‍ സോഫ്റ്റ് വെയറും തയ്യാറാക്കും.

മേഖലാ യോഗങ്ങളുടെ സ്ഥലവും തിയതിയും

04.09.2023 - കോഴിക്കോട് ( കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍)

07.09.2023 - തൃശ്ശൂര്‍ ( പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍)

11.09.2023 - എറണാകുളം ( എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകള്‍)

14.09.2023 - തിരുവനന്തപുരം ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍)

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com