മലപ്പുറം: കഴിഞ്ഞ മാസം നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസിലെ പഠനവകുപ്പുകളില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എന്നാല്‍, ക്യാംപസില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ തുറക്കാനും നിലവില്‍ തീരുമാനമായിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നേരിട്ടുള്ള അധ്യയനം തല്‍ക്കാലം ഒഴിവാക്കിയത്.
ക്യാംപസിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ ക്യാമ്പസില്‍ പൊലീസ് സാന്നിധ്യം തുടരും. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റില്‍ സമാധാനയോഗം ചേരും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, വിദ്യാര്‍ഥി പ്രതിനിധികളുമായി ആലോചിക്കാതെയാണ് സര്‍വകലാശാല തീരുമാനമെടുത്തതെന്ന് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായ ദീപക് ആരോപിച്ചു. വിദ്യാര്‍ഥികള്‍ എത്രയും വേഗം ക്യാമ്പസിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും തിങ്കളാഴ്ച മുതല്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ആരംഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"സര്‍വകലാശാലയുടെ നിലപാടിനെ ഞങ്ങള്‍ അപലപിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. അഫിലിയേറ്റഡ് കോളജുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷകള്‍ നടക്കും. എന്നാല്‍, ക്യാംപസ് തുറന്നശേഷം പ്രത്യേക ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്," ദീപക് പറഞ്ഞു.
സംഘര്‍ഷസാധ്യത ഭയന്ന് ക്യാംപസ് തുറക്കാന്‍ സര്‍വകലാശാല മടിക്കുകയാണെങ്കില്‍ എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എംഎസ്എഫ്, കെഎസ്‌യു നേതൃത്വങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് ഉറപ്പില്ലെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates