ഭര്‍ത്താവ് ഉപദ്രവിച്ചതിന് 4998 കേസുകള്‍, സ്ത്രീത്വത്തെ അപമാനിച്ചതിന് 4940; കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ക്രൂരതയില്‍ വര്‍ധന

2022-ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ 92,929 കേസുകള്‍ വിചാരണയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ന് ശേഷം ഭാര്യമാരോട് ഭര്‍ത്താക്കന്‍മാരുടെയും അവരുടെ ബന്ധുക്കളുടേയും ക്രൂരത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 നും 2022 നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രകാരം 2020ല്‍ 10,139 കേസുകളാണെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.

മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളും കൂടി ചേര്‍ത്ത് 2022 ല്‍ പൊലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. 

2022-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കോടതികളില്‍ 92,929 കേസുകള്‍ വിചാരണയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 8,397 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയിട്ടുള്ളത്.  7,768 എണ്ണത്തില്‍ വിചാരണ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 84,532 കേസുകള്‍ കോടതികളില്‍ വിചാരണ തീര്‍പ്പാക്കിയിട്ടില്ല. 10 ശതമാനം മാത്രമാണ് ശിക്ഷാ നിരക്ക്. 

2022-ലെ കണക്കുകള്‍ പ്രകാരം 2,957 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. 
2022 ല്‍ പോലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രം സമര്‍പ്പിച്ചു. 6,792 എണ്ണത്തില്‍ അന്വേഷണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. 

തട്ടിക്കൊണ്ടുപോകുന്ന കേസുകളുടെ എണ്ണം 2020-ല്‍ 307 ആയിരുന്നത് 2022-ല്‍ 403 ആയി വര്‍ധിച്ചു. ഇതില്‍  292 പേര്‍ കുട്ടികളും 224 പേര്‍ പെണ്‍കുട്ടികളുമാണ്. 2022ല്‍ തട്ടിക്കൊണ്ടുപോയ 224 പെണ്‍കുട്ടികളില്‍ 209 പേരും 12നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോയ മുതിര്‍ന്നവരില്‍ 117 പുരുഷന്മാരുമുണ്ട്. 

2022 ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് 481 പേരെ തട്ടിക്കൊണ്ടുപോയതായും അവരില്‍ 395 പേരെ 2022 അവസാനത്തോടെ കണ്ടെത്തുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com