

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടിയില്‍ വിശ്വാസക്കുറവില്ല. എന്നാല്‍ അന്താരാഷ്ട്ര സംഘങ്ങളുമായി ബന്ധമുള്ള കേസായതിനാല്‍ എസ്‌ഐടിക്ക് അന്വേഷണത്തില്‍ പരിമിതിയുണ്ടാകും. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേസില്‍ അറസ്റ്റിലായ എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ക്കെതിരെ സിപിഎം എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പാര്‍ട്ടി നടപടിയെടുത്താല്‍ കൂടുതല്‍ ഉന്നതന്മാരുടെ പേര് അവര്‍ വിളിച്ചു പറയും. ആ ഭയം മുഖ്യമന്ത്രിക്കുണ്ട്. ആ പേടി ഉള്ളതുകൊണ്ടാണ് സിപിഎം അവരെ പുറത്താക്കാത്തത്. എന്നിട്ടാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി തിരിയുന്നത്.
ഏതു കോണ്‍ഗ്രസ് നേതാവിനാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധം?. പൊലീസ് അന്വേഷിച്ചിട്ട് ഇതുവരെ ആരെയും കിട്ടിയില്ലല്ലോ ?. ഇതില്‍ യഥാര്‍ത്ഥ ബന്ധമുള്ളത് സിപിഎമ്മിലും സര്‍ക്കാരിന്റെ ഉന്നതങ്ങളിലുള്ള വ്യക്തികള്‍ക്കുമാണ്. അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കണം. പത്മനാഭ സ്വാമി ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്‍ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. വിളക്കുകള്‍, വാര്‍പ്പുകള്‍, കിണ്ടികള്‍, മൊന്ത തുടങ്ങിയവ ലേലം ചെയ്യാനായിരുന്നു നീക്കം. അതിനെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. അന്ന് എതിര്‍ത്തില്ലായിരുന്നെങ്കില്‍ അതെല്ലാം അടിച്ചു മാറ്റിയേനെ. അന്നു തുടങ്ങിയതാണ് ഇവരുടെ കണ്ണ് ഈ വക സാധനങ്ങളിലെന്ന് ചെന്നിത്തല പറഞ്ഞു.
പുരാവസ്തുക്കള്‍ അടിച്ചു മാറ്റാനുള്ള ശ്രമം കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലം മുതല്‍ തുടങ്ങിയതാണ്. ഇതിനു പിന്നില്‍ വന്‍ മാഫിയകളുണ്ട്. അവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചത്. ശരിയായി അന്വേഷിച്ചാല്‍ എവിടെ എത്തുമെന്ന് മാധ്യമങ്ങള്‍ക്ക് കണ്ടെത്താനാകും. സോണിയാഗാന്ധിയുടെ അടുക്കല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തണമെങ്കില്‍ എന്താണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിച്ചത്, അദ്ദേഹത്തിന് ഇതുമായി ബന്ധമുള്ളതുകൊണ്ടാണോയെന്ന് പറയട്ടെ.
എംഎല്‍എമാര്‍ക്ക് സംസാരിക്കാന്‍ കഴിയാത്ത, സാധാരണക്കാര്‍ക്ക് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ കനത്ത സുരക്ഷാ വലയത്തില്‍ താമസിക്കുന്നയാളാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിയുടെ ചെവിയില്‍, അദ്ദേഹത്തോട് അത്ര അടുപ്പമുള്ള വ്യക്തിയെപ്പോലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സംസാരിക്കുന്നത്. സോണിയാഗാന്ധിയുടെ അടുക്കല്‍ ആളുകളെ കൊണ്ടുപോകുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അല്ലാതെ സോണിയയ്ക്ക് എല്ലാവരെയും അറിയില്ലല്ലോ. പിണറായി വിജയനെപ്പോലുള്ള ഒരാള്‍ അത്ര ബാലിശമായി സംസാരിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates